തിരുവനന്തപുരം: ലാത്‌വിയ സ്വദേശിനിയായ ലിഗയുടെ തിരോധാനം അന്വേഷിക്കുന്നതില്‍ പൊലീസിനുണ്ടായ ഗുരുതരമായ വീഴ്ചയാണ് അവരുടെ ദുരൂഹ മരണത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ലിഗയെ കാണാനില്ലന്ന പരാതിയുമായി പൊലീസിനെ സമീപിച്ച ഭര്‍ത്താവിനോടും, സഹോദരിയോടും തിരിച്ചെത്തിക്കോളുമെന്ന നിരുത്തരവാദപരമായ മറുപടിയാണ് പൊലീസ് നല്‍കിയതെന്ന ആരോപണം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ദൈവത്തിന്റെ സ്വന്തം നാട് കാണെനെത്തിയ ഒരു വിദേശ വനിതക്ക് ഉണ്ടായ ഈ ദുരന്തം ലോകത്തിന് മുന്നില്‍ കേരളത്തെ നാണം കെടുത്തുന്നതാണ്. നിയമസഭ നടക്കുന്ന സമയത്ത് ലിഗയുടെ സഹോദരി തന്നെ വന്ന് കണ്ട് സഹായം ആവശ്യപ്പെട്ടുവെന്നും, ഉടന്‍ തന്നെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഡി ജി പിയെ വിളിച്ച് അന്വേഷണം ത്വരതപ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വളരെ വൈകിയാണ് ലിഗിയെ കണ്ടെത്താനുള്ള അന്വേഷണ സംഘം രൂപീകരിച്ചതെന്ന ലിഗയുടെ ബന്ധുക്കളുടെ വെളിപ്പെടുത്തല്‍ കേരളാ പൊലീസിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നതാണ്. ആദ്യം ഈ പരാതി പൊലീസ് അര്‍ഹിക്കുന്ന ഗൗരവത്തോടെ എടുത്തിരുന്നെങ്കില്‍ ലിഗയെ ജീവനോടെ തന്നെ കണ്ടെത്താമായിരുന്നു. മുഖ്യമന്ത്രി ഇവരെ കാണാന്‍ തയ്യാറാകാതിരുന്നതും തെറ്റായി പോയി.

ഒറ്റപ്പെട്ട,പരിചയമില്ലാത്ത സ്ഥലത്ത് ഇവര്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ വാദത്തില്‍ കഴമ്പുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇനിയെങ്കിലും പൊലീസ് കൃത്യമായ അന്വേഷണം നടത്തി മരണത്തിലെ ദുരൂഹതകള്‍ പുറത്ത് കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.