തിരുവനന്തപുരം: കീഴാറ്റൂരിലെ വയല്‍ക്കിളികളെ സിപിഎമ്മും, ബിജെപിയും ഒരു പോലെ വഞ്ചിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അലൈന്‍മെന്റ് മാറ്റാതെ കീഴാറ്റൂര്‍ വയല്‍ മുഴുവന്‍ ദേശീയ പാത വികസനത്തിന് ഏറ്റെടുത്ത് കൊണ്ടുള്ള ദേശീയ പാത അതോറ്റിയുടെ വിജ്ഞാപനം പുറത്ത് വന്നതോടെ വയല്‍ക്കളികളോട് ഒപ്പമാണെന്ന ബിജെപിയുടെ വാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം നേതൃത്വം മുമ്പ് എടുത്ത അതേ നിലപാടില്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും എത്തി നില്‍ക്കുകയാണ്. കീഴാറ്റൂരിലെ ദേശീയ പാത അലൈന്‍മെന്റ് മാറ്റില്ലന്നും വയിലിലൂടെ തന്നെ ദേശീയ പാത കടന്ന് പോകുമെന്നും എതിര്‍ക്കുന്ന കര്‍ഷകരെ നേരിടുമെന്നുമായിരുന്നു സിപിഎം തുടക്കം മുതലെ എടുത്ത നിലപാട്, രമേശ് ചെന്നിത്തല പറഞ്ഞു.
അന്ന് കര്‍ഷക സ്‌നേഹമെന്ന മുതലക്കണീരൊഴുക്കി കര്‍ഷകരെ സഹായിക്കാനെന്ന നാട്യവുമായെത്തിയ ബിജെ പി, സിപിഎമ്മിന്റെ അതേ പാതയിലൂടെ കര്‍ഷകരെ വഞ്ചിച്ചിരിക്കുകയാണെന്ന് രമേശ് ചെന്നത്തല കുറ്റപ്പെടുത്തി. സിപി എമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെയും വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാവുന്നതിന് മുമ്പ് തന്ന സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ പാടില്ലെന്ന കീഴാറ്റൂര്‍ ഐക്യ ദാര്‍ഡ്യ സമതിയുടെ നിലപാടിന് ഒപ്പമാണ് യുഡിഎഫും. വയല്‍ക്കളികള്‍ നടത്തുന്ന പ്രത്യക്ഷ സമരത്തിനും, നിയമ പോരാട്ടത്തിനും യുഡിഎഫിന്റെ പിന്തുണ ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.