തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശക്തമായ ജനവികാരം സര്‍ക്കാരിനെതിരെ നിലനില്‍ക്കുന്നു. സര്‍ക്കാരിനെതിരെയുള്ള ജനവികാരം പരമാവധി യോജിപ്പിച്ചുകൊണ്ടുപോകാന്‍ യുഡിഎഫ് പരിശ്രമിച്ചു. അരൂരില്‍ തിളക്കമാര്‍ന്ന വിജയമാണ് കോണ്‍ഗ്രസിന് ലഭിച്ചതെന്നും ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടി അവലോകനം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.

Read Also: അച്ഛന്റെ വിജയത്തില്‍ ചെങ്കൊടി പാറിച്ച് ആലിയ; ഹൃദ്യം ഈ ചിത്രം

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൂന്നിടത്ത് യുഡിഎഫ് വിജയിച്ചപ്പോൾ രണ്ട് സീറ്റുകൾ എൽഡിഎഫ് സ്വന്തമാക്കി. അരൂർ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തപ്പോൾ വട്ടിയൂർക്കാവും കോന്നിയും യുഡിഎഫിൽ നിന്ന് എൽഡിഎഫ് സ്വന്തമാക്കി. എറണാകുളവും മഞ്ചേശ്വരവും യുഡിഎഫ് നിലനിർത്തി.

വട്ടിയൂർക്കാവിൽ 14,465 വോട്ടുകളുടെ ഭൂരിപക്ഷമാണ് എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് സ്വന്തമാക്കിയത്. കോൺഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി ഇവിടെ മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ തവണ എൽഡിഎഫ് മൂന്നാമതായ മണ്ഡലമാണിത്.

Read Also: കോന്നിയില്‍ അട്ടിമറി വിജയം; അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍

കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.യു.ജനീഷ് കുമാർ 9953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ 23 വര്‍ഷമായി യുഡിഎഫ് കുത്തകയാക്കി വച്ചിരുന്ന മണ്ഡലമാണ് കോന്നി. ഇവിടെയാണ് കെ.യു.ജനീഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. എറണാകുളം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ടി.ജെ.വിനോജ് വിജയിച്ചു. 3673 വോട്ടുകൾക്കാണ് വിനോദ് വിജയിച്ചത്. മഞ്ചേശ്വരത്ത് 7923 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി എം.സി.കമറുദ്ദീൻ വിജയിച്ചത്. അരൂരിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്‌മാൻ വിജയിച്ചത് 1955 വോട്ടുകൾക്കാണ്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.