തിരുവനന്തപുരം:  എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമെതിരെ  വിദ്വേഷ പ്രസംഗം നടത്തിയ  ഹിന്ദു  ഐക്യവേദി നേതാവ്  ശശികലക്കെതിരെ മുഖ്യമന്തി പിണറായി വിജയന്‍. ഇത്തരം പ്രവണതകളിലൂടെ നമ്മുടെ നാടിന്‍റെ അന്തരീക്ഷത്തെ മാറ്റിമറിക്കാനാണ് ശ്രമം നടക്കുന്നതെന്ന് അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. മൃത്യുജ്ഞയം ഉരുവിടണമെന്ന് പറയാന്‍ കേരളത്തിലും ആളുണ്ടായിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശശികലയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.  ഇവര്‍ നിരന്തരം ഇത്തരം പ്രസംഗങ്ങള്‍ നടത്തിയിട്ടും  നടപടിയെടുക്കാതെ സര്‍ക്കാര്‍ ഉരുണ്ടുകളിച്ചതിന്റെ ഫലമാണ്  ഇത്തരം വിഷം  വമിക്കുന്ന  പ്രസ്താവനകള്‍  നടത്താന്‍ ശശികലക്ക് ധൈര്യം നല്‍കിയതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

“ഗൗരി  ലങ്കേഷിനെ പോലെ ഏത് എഴുത്തുകാരനും കേരളത്തില്‍   കൊല്ലപ്പെടാമെന്നാണ് ശശികല   ഭീഷണിമുഴുക്കുന്നത്. കേരളം പോലെ മതേതര മൂല്യങ്ങള്‍ പാവനമായി കാത്ത് സൂക്ഷിക്കുന്ന ഒരിടത്ത് ഇത്തരത്തില്‍  വിഷലിപ്തമായ  പ്രസംഗങ്ങള്‍ നടത്താന്‍ ശശികലക്ക് കഴിയുന്നത്  സര്‍ക്കാര്‍ അനങ്ങില്ലന്ന് ധൈര്യമുള്ളത് കൊണ്ടാണ്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംഘപരിവാര്‍ നേതാക്കളുടെ  ഭാഗത്ത് നിന്ന് ഇത്തരം  അത്യന്തം പ്രകോപനകരമായ പ്രസ്താവനകള്‍ നിരന്തരം ഉണ്ടാകുന്നുണ്ട്.   വര്‍ഗീയ ഫാസിസത്തിനെതിരായി  വാചകക്കസര്‍ത്തല്ലാതെ  ക്രിയാത്മകമായ നടപടികള്‍ ഒന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല എന്നതിന്റെ തെളിവാണ് ആവര്‍ത്തിക്കപ്പെടുന്ന വിദ്വേഷ പ്രസ്താവനകള്‍.  സമാനമായ   നിരവധി  സംഭവങ്ങള്‍ ഉണ്ടായിട്ടും ഇവര്‍ക്കെതിരെ  പിണറായി സര്‍ക്കാര്‍ കേസെടുക്കാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശശികലയെ പോലുള്ളവരെ നിര്‍ബാധം വിഹരിക്കാനും വായില്‍ തോന്നുന്നത് പറയാനും മൗനാനുവാദം നല്‍കുന്ന സര്‍ക്കാരിന്‍റെ നടപടി അത്യന്തം അപലപനീയമാണെന്നും എത്രയും  പെട്ടെന്ന് അവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും  രമേശ് ചെന്നിത്തല പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ