ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല. കേരളത്തില്‍ മത്സരിക്കാന്‍ മോദി തയ്യാറുണ്ടോ എന്നായിരുന്നു ചെന്നിത്തലയുടെ വെല്ലുവിളി. കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

കേരളത്തില്‍ ആവര്‍ത്തിക്കാന്‍ പോകുന്നത് ത്രിപുരയല്ലെന്നും, മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡുമാണെന്നും, ത്രിപുരയല്ല കേരളമെന്നും ചെന്നിത്തല പറഞ്ഞു. ബിജെപി കേരളത്തെ വഞ്ചിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിക്ക് കേരളത്തിന്റെ കാലാവസ്ഥയോ മണ്ണോ അറിയാത്തതു കൊണ്ട് നടത്തിയ പ്രസ്താവനയാണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, കൊല്ലം ബൈപാസ് യുഡിഎഫ് സര്‍ക്കാരിന്റെ കുഞ്ഞാണെന്നും അതിനായി എല്‍ഡിഎഫും ബിജെപിയും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലം ബൈപാസ് ഉദ്ഘാടനം പിണറായി സര്‍ക്കാര്‍ രണ്ടു കൊല്ലം വൈകിപ്പിച്ചെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ചുക്കും കേരളത്തില്‍ ചെയ്തിട്ടില്ല. രണ്ടര വര്‍ഷം പാഴായി പോയെന്ന് പറഞ്ഞ ചെന്നിത്തല ആണുങ്ങള്‍ കല്ലിട്ട പദ്ധതി ഉദ്ഘാടനം ചെയ്യുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും കുറ്റപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.