തിരുവനന്തപുരം: അശ്ലീല ഫോണ്‍ സംഭാഷണത്തില്‍ കുടുങ്ങിയ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ കുറ്റക്കാരനാണെങ്കില്‍ രാജിവെച്ച് പുറത്തുപോകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച് നടപടി എടുക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്ഷേപമുയർന്ന സാഹചര്യത്തില്‍ ശശീന്ദ്രന്‍ രാജിവെച്ചേക്കുമെന്നാണ് സൂചന. മുന്നണിക്കും പാർട്ടിക്കും ദോഷം വരുന്ന ഒന്നും ചെയ്യില്ല. എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അതു തന്റേതു മാത്രമാണ്. എല്ലാവരോടും തുറന്നു ഇടപെടുന്ന വ്യക്തിയാണ് താനെന്നും ശശീന്ദ്രൻ പ്രതികരിച്ചു.

ശശീന്ദ്രനെതിരായ ആരോപണം ഗൗരവമുളളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ വശത്തെക്കുറിച്ചും പരിശോധിച്ചശേഷം ആവശ്യമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിയുടേതെന്ന പേരിൽ ലൈംഗികച്ചുവയുളള ഫോൺ സംഭാഷണം പുറത്തുവന്ന സാഹചര്യത്തിലാണ് രാജി വച്ചേക്കുമെന്ന സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ