രാമന്തളി: ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജന ആരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 85 ദിവസമായി നടന്നുവന്ന സമരം ഒത്തുതീർപ്പായി. നിരാഹാരസമരത്തിന്‍റെ 48-ാം ദിവസം നാവിക അക്കാദമിയുമായി നടന്ന ചര്‍ച്ചയിലാണ് സമരം തീര്‍പ്പാക്കാന്‍ ധാരണയായാത്.

അക്കാദമിയുടെ മാലിന്യ ടാങ്കുകള്‍ പല ഭാഗങ്ങളിലായി മാറ്റി സ്ഥാപിക്കുക എന്ന ജന ആരോഗ്യ സമിതി മുന്നോട്ടുവച്ച ആവശ്യത്തോട് അക്കാദമി യോജിക്കുകയായിരുന്നു. മാലിന്യ ടാങ്കുകളില്‍ നിലവിലുള്ള ചോർച്ചകൾ ഉടനെ അടയ്ക്കും എന്നും അക്കാദമി ഉറപ്പ് നല്‍കിയിട്ടുണ്ട്. സമരത്തിനൊപ്പം നിന്ന മുഴുവൻ ജനാധിപത്യ ശക്തികളെയും നാട്ടുകാരെയും ജന ആരോഗ്യ സംരക്ഷണ സമിതി നന്ദി അറിയിച്ചു.

READ MORE : നാവികഅക്കാദമിക്കെതിരെ മലിനീകരണവിരുദ്ധ സമരം ; ജനകീയ സമരസമിതിക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

സമരം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് വിജയം ആഘോഷിക്കുന്ന ജനങ്ങള്‍

മഴക്കാലത്തിനു മുൻപേ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കടുത്ത സമര മാർഗങ്ങളിലേക്ക് നീങ്ങുമെന്ന് ജന ആരോഗ്യ സമിതി പ്രഖ്യാപിച്ചിരുന്നു. “നാവിക അക്കാദമിയുടെ പാസിങ് ഔട്ട്‌ പരേഡ് ദിനം അടുത്തു വരികയാണ്. അന്നേ ദിവസം അക്കാദമി ഗേറ്റുകള്‍ ഉപരോധിക്കും എന്ന് അറിയിച്ചതോടെയാണ്‌ അക്കാദമി ഒത്തുതീര്‍പ്പുക്കായി മുന്നോട്ടു വന്നതെന്ന്” സമരസമിതി ഭാരവാഹിയായ വിനോദ് രാമന്തളി പറഞ്ഞു.

നാവിക അക്കാദമിയിലെ കക്കൂസ് മാലിന്യം അടങ്ങിയ ടാങ്കുകളില്‍ നിന്നുമുള്ള വെള്ളം സമീപപ്രദേശത്തെ കിണറുകളെ മലിനമാക്കിയതോടെയാണ്‌ പയ്യന്നൂര്‍ രാമന്തളിയിലെ ജനങ്ങള്‍ അക്കാദമിക്കെതിരെ സമരം ആരംഭിച്ചത്.
READ MORE: നാവികസേനയുടെ മാലിന്യ ടാങ്ക് മാറ്റി സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ