കണ്ണൂർ: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കി ഉപയോഗിച്ചതായി കരുതുന്ന കാർ കണ്ടെടുത്തു. കണ്ണൂർ പരിയാരം കുളപ്പുറത്തെ ഒരു കുന്നിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാർ കണ്ടെത്തിയത്. ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാർ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലാണ് കണ്ടെത്തിയത്.
ഡിവൈഎഫ്ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി സി സജേഷിനെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയ്യാളെ ഇന്നലെ ഡിവൈഎഫ്ഐ പുറത്താക്കിയിരുന്നു. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം കൂടി ആയ ഇയാളെ പുറത്താക്കിയതായി സിപിഎം പ്രാദേശിക നേതൃത്വവും അറിയിച്ചിരുന്നു. ഡിവൈഎഫ്ഐ നിർദേശ പ്രകാരമാണ് പുറത്താക്കിയത്.
സംഘടനയിലെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സജേഷിനെ പുറത്താക്കിയതായി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. സംഘടനയ്ക്ക് യോജിക്കാത്ത വിധത്തിൽ സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലർത്തിയതിന്റെ ഭാഗമായി ചെമ്പിലോട് മേഖല സെക്രട്ടറി സി രാജേഷിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്നാണ് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള വാർത്താക്കുറിപ്പിൽ പറയുന്നത്.
Read More: രാമനാട്ടുകര സ്വർണക്കടത്ത് വിവാദം: കണ്ണൂരിൽ ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി
രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപെട്ട വാഹനങ്ങൾ സ്വർണക്കടത്തിന് ഉപയോഗിച്ചതാണെന്ന് ആരോപണമുയരുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ സിപിഎം അനുകൂല ഇടപെടൽ നടത്തിയിരുന്ന കണ്ണൂർ അഴീക്കോട് സ്വദേശി അർജുൻ ആയങ്കിയിലേക്ക് പിന്നീട് ഈ അന്വേഷണം തിരിയുകയും ചെയ്തു.
സ്വർണക്കടത്തുമായി ബന്ധമുള്ളതായി ആരോപിക്കപ്പെട്ടവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന തരത്തിൽ ഷാജർ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പോസ്റ്റ് എഴുതിയിരുന്നു.
കള്ളക്കടത്തുകാർക്ക് എന്ത് പാർട്ടിയെന്നും പ്രിയ സഖാക്കളെ കൊലപ്പെടുത്തിയ കൊലയാളികളുമായി ചേർന്ന് ക്വട്ടേഷനും സ്വർണ്ണക്കടത്തും നടത്തി പണം സമ്പാദിക്കുന്നവരാണോ പാർട്ടിയെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ ചോദിച്ചിരുന്നു.
ജീവിക്കുന്ന പ്രദേശത്തെ പ്രസ്ഥാനവുമായി ഒരു ബന്ധവും ഇല്ലെങ്കിലും പുറത്തുള്ള ചിലരെ കബളിപ്പിച്ച് അവർ ‘നേതാക്കളായി’ മാറിെയെന്നും അദ്ദേഹം പറഞ്ഞു. പകൽ മുഴുവൻ ഫെയ്സ് ബുക്കിലും, രാത്രിയിൽ നാട് ഉറങ്ങുമ്പോൾ കള്ളക്കടത്തും നടത്തുന്ന ‘പോരാളി സിംഹങ്ങൾ’ ആണ് അവരെന്നും കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട പേരുകാരെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു.