തിരുവനന്തപുരം: കേരളത്തിൽ റമദാൻ വ്രതാരംഭം ഞായറാഴ്ചയെന്ന് സ്ഥിരീരിച്ചു. പരപ്പനങ്ങാടി കടപ്പുറത്ത് മാസം കണ്ടതോടെ സംസ്ഥാനത്ത് വ്രതാരംഭം ഞായറാഴ്ചയായിരിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.വി ഇമ്പിച്ചമ്മത് ഹാജി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍, എ നജീബ് മൗലവി, വിസ്ഡം ഹിലാല്‍ വിംഗ് ചെയര്‍മാന്‍ അബൂബക്കര്‍ സലഫി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവര്‍ നാളെ റംസാൻ ഒന്ന് ആയിരിക്കുമെന്ന് സ്ഥിരീകരിച്ചു.
ശഅബാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച റമസാന്‍ വ്രതാരംഭം കുറിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി (കെ.എന്‍.എം) ചെയര്‍മാന്‍ എം മുഹമ്മദ് മദനിയും അറിയിച്ചു.
തെക്കൻ കേരളത്തിൽ ഞായറാഴ്ച റംസാൻ ഒന്ന് ആയിരിക്കുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. തമിഴ്നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി കണ്ടതിനെത്തുടർന്ന് നാളെ റമദാൻ ഒന്ന് ആയിരിക്കുമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ അറിയിച്ചിരുന്നു.
അതേസമയം സൗദി അറേബ്യ, യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ ശനിയാഴ്ചയോടെ റമദാൻ വ്രതാരംഭം ആരംഭിച്ചു.