തൊടുപുഴ: ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ രാമക്കല്‍മേട്ടില്‍ ഇനി സഞ്ചാരികളെ കാത്ത് “മലമുഴക്കി”യും.. 36 അടി ഉയരത്തില്‍ കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ രൂപത്തിൽ നിര്‍മിച്ചിരിക്കുന്ന വാച്ച്ടവറാണ് പുതിയ ആകർഷണ കേന്ദ്രം. ഇതിന് മുകളില്‍ നിന്നു നോക്കിയാല്‍ തമിഴ്‌നാടിന്റെയും കേരളത്തിന്റെയും നയനമനോഹരമായ കാഴ്ച സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും.

മണ്ണില്‍ നിന്നു വേരറ്റു തുടങ്ങുന്ന വലിയ വൃക്ഷം. ഇതില്‍ വേരുകള്‍ മണ്ണിലേക്കിറങ്ങുന്ന തരത്തിലുള്ള ഉണങ്ങിയമരത്തിലേക്ക് ഒരു മലമുഴക്കി വേഴാമ്പല്‍ പച്ചപ്പുമായെത്തുന്ന തരത്തിലാണ് ശില്‍പ്പം നിര്‍മിച്ചിരിക്കുന്നത്. വരും തലമുറയ്ക്കായി കൊക്കില്‍ പഴങ്ങള്‍ ശേഖരിക്കുന്നതുപോലെ ഭാവി തലമുറയ്ക്കായും പ്രകൃതിക്കായുമെല്ലാം ഒരു പച്ചപ്പ് വേഴാമ്പല്‍ ചുണ്ടില്‍ സൂക്ഷിക്കുന്നു. ശില്‍പ്പത്തിനുള്ളില്‍ നിന്ന് ഒരു ആന തുമ്പിക്കൈയില്‍ പച്ചപ്പ് മുകളിലേയ്ക്ക് നീട്ടുന്നതും ശില്‍പ്പത്തിനുളളില്‍ ചിത്രീകരിച്ചിട്ടുണ്ട്. ശില്‍പ്പത്തിനകത്തുകൂടി മുകളിലെത്തി കാഴ്ചകള്‍ കാണാനാവുന്ന തരത്തിലാണ് മലമുഴക്കി വേഴാമ്പല്‍ വാച്ച് ടവര്‍ നിര്‍മിച്ചിരിക്കുന്നത്. അടുത്ത ഘട്ടമായി വാച്ച് ടവറിനുള്ളില്‍ കേരളീയ കലകളുമായി ബന്ധപ്പെട്ട ഉളളടക്കം ചിത്രീകരിക്കാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്.malamuzhaki,ramakkalmedu

രാമക്കല്‍മേട്ടിലെ പ്രശസ്തമായ കുറവന്‍,കുറത്തി ശില്‍പത്തിന് സമീപമായാണ് മലമുഴക്കി വേഴാമ്പലിന്റെ മാതൃകയിലുള്ള വാച്ച് ടവറും ഒരുക്കിയിട്ടുള്ളത്. സി ആര്‍ ഹരിലാല്‍ നിര്‍മിച്ച മലമുഴക്കി ശില്‍പ്പം വൈദ്യുതി മന്ത്രി എംഎം മണി സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തു.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 30 ലക്ഷം രൂപയുടെ ടൂറിസം പദ്ധതികളാണ് അടുത്തിടെ രാമക്കല്‍മേട്ടില്‍ പൂര്‍ത്തിയാക്കിയത്. കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങള്‍, പാര്‍ക്കിംഗ് ഏരിയ തുടങ്ങിയ പദ്ധതികളാണ് പൂര്‍ത്തിയാക്കി സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തത്.

പ്രതിവര്‍ഷം ഒന്നര ലക്ഷത്തോളം സഞ്ചാരികളെത്തുന്ന രാമക്കല്‍മേട് ഇടുക്കി ജില്ലയിലെ വളര്‍ന്നു വരുന്ന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ്. മൂന്നാറിനും തേക്കടിക്കും ഇടയിലുള്ള മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായി രാമക്കല്‍മേടിനെ മാറ്റാനാണ് ഡിറ്റിപിസി ലക്ഷ്യമിടുന്നത്. അടുത്തിടെ 1.38 കോടി രൂപയുടെ ടൂറിസം പദ്ധതിയിലേക്കു രാമക്കല്‍മേടിനെ തെരഞ്ഞെടുത്തിരുന്നു. ടോയ്‌ലറ്റ് കോംപ്ലക്‌സ്, ആധുനിക ടിക്കറ്റ് കൗണ്ടര്‍, കോഫി ഷോപ്പ്, നടപ്പാതകള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായുള്ളത്.

കാറ്റിനെ തൊടാനാവുന്ന ഇടമെന്ന തരത്തിലാണ് രാമക്കല്‍മേടിന്റെ പ്രശസ്തി. വര്‍ഷത്തിലെ മുഴുലന്‍ സമയവും അതിശക്തമായ കാറ്റ് വീശുന്ന ഇവിടെ കാറ്റില്‍ നിന്നു വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കാറ്റാടികളും സഞ്ചാരികളുടെ ആകര്‍ഷണമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ