തിരുവനന്തപുരം: ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിനെ രാഷ്ട്രീയമായി എതിർക്കപ്പെടേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാനുള്ള ജനതാദൾ (യു) തീരുമാനത്തിനെതിരെ കേരള ഘടകം രംഗത്തെത്തി.
രാംനാഥ് കോവിന്ദിനെതിരെ പ്രതിപക്ഷ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്ന കാര്യം നാളെ നടക്കുന്ന യോഗത്തിൽ വ്യക്തമാകുമെന്ന് പിണറായി വിജയൻ പറഞ്ഞു. “ബിജെപിയുടെ നേതാവായിരുന്നത് കൊണ്ടാണ് അദ്ദേഹത്തെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചത്. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയമായി തന്നെ മത്സരിക്കണം” പിണറായി പറഞ്ഞു.
അതേസമയം ജനതാദൾ യുണൈറ്റഡ് ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. രാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് നിതീഷ് കുമാർ വ്യക്തമാക്കി. എന്നാൽ ഈ നിലപാടിനോട് യോജിക്കില്ലെന്ന് കേരള ഘടകം നേതാവ് എംപി വീരേന്ദ്രകുമാർ വ്യക്തമാക്കി. “ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യില്ല” എന്നാണ് കേരള ഘടകത്തിന്റെ തീരുമാനം.
നിലവിൽ രാജ്യസഭാംഗമായ എംപി വീരേന്ദ്രകുമാറാണ് കേരളത്തിൽ നിന്നുള്ള ജെഡിയു അംഗം. നിയസഭയിലേക്ക് ജെഡിയു മത്സരിപ്പിച്ച സ്ഥാനാർത്ഥികളാരും ജയിച്ചിരുന്നില്ല.
അതേസമയം ശിവസേന പിന്തുണ കൂടി ഉറപ്പായതോടെ ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി രാം നാഥ് കോവിന്ദ് വിജയമുറപ്പിച്ചു. നേരത്തേ സ്ഥാനാർത്ഥിത്വം ബിജെപി സ്വന്തം നിലയ്ക്ക് തീരുമാനിച്ച ബിജെപി നിലപാടിനെ ശിവസേന തുറന്നെതിർത്തിരുന്നു.
ഇന്നലെ ചേർന്ന ശിവസേന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പിന്തുണ തേടി അമിത് ഷാ ഞായറാഴ്ച ഉദ്ധവിനെ ബാന്ദ്രയിലെ വസതിയിൽ പോയി കണ്ടിരുന്നു. സ്ഥാനാർഥിയെ അറിഞ്ഞ ശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു മറുപടി. പിറ്റേന്ന് സൂചന പോലും നൽകാതെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിലുള്ള നീരസമാണു പാർട്ടിയുടെ പ്രതികരണത്തിലുണ്ടായത്.
എൻഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയ്ക്ക് മഹാരാഷ്ട്രയിൽ 63 എംഎൽഎമാരും 18 ലോക്സഭാ എംപിമാരും മൂന്നു രാജ്യസഭാംഗങ്ങളുമാണുള്ളത്. 82 എംഎൽഎ മാരും 11 എംപിമാരുമുള്ള തെലങ്കാന രാഷ്ട്ര സമിതി, 66 എംഎൽഎ മാരും 10 എംപി മാരുമുള്ള വൈഎസ്ആർ കോൺഗ്രസ്, 117 എംഎൽഎമാരും 20 എംപി മാരുമുള്ള ബിജു ജനതാദൾ എന്നീ പാർട്ടികളാണ് ബിജെപിയുടെ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ 60 ശതമാനം വോട്ട് എൻഡിഎ സ്ഥാനാർത്ഥി ഉറപ്പിച്ചു.
ബിഹാറുകാരനായ ദളിത് നേതാവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയതോടെ ജെഡിയു എൻഡിഎ സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ജനപ്രിയനായ ഒരു ദളിത് വിഭാഗക്കാരനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചില്ലെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന് ബിഎസ്പി നേതാവ് മായാവതിയും അറിയിച്ചിട്ടുണ്ട്.
നാളെയാണ് സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ പ്രതിപക്ഷത്തെ പ്രധാന കക്ഷികൾ യോഗം ചേരുന്നത്. ഈ യോഗത്തിൽ സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
കെആര്‍ നാരായണനെ ദളിത് വിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയാക്കിയെന്ന അവകാശവാദമുയര്‍ത്തുന്ന കോണ്‍ഗ്രസ്, ബി.ജെ.പി മുന്നോട്ടുവെയ്ക്കുന്ന ദളിത് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധേയമായിരിക്കും. ദളിത് പീഡനത്തെച്ചൊല്ലി പാര്‍ട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയെന്ന നിലയില്‍ക്കൂടിയാണ് ദളിത് സ്ഥാനാര്‍ഥിയെ ബി.ജെ.പി മുന്നോട്ടുവെയ്ക്കുന്നത്. രോഹിത് വെമുല വിഷയം, പശുസംരക്ഷണം, ബീഫ് നിരോധനം തുടങ്ങിയവ വിവാദങ്ങളുയര്ത്തിനില്ക്കുന്ന പശ്ചാത്തലത്തില്‍ കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വം ബിജെപിയുടെ തന്ത്രപരമായ രാഷ്ട്രീയനീക്കമാണ്.
അതേസമയം തൃണമൂൽ കോൺഗ്രസ് എൻഡിഎ സ്ഥാനാത്ഥിയെ പിന്തുണക്കില്ല. ഇന്ത്യയില്‍ നിരവധി വലിയ ദളിത് നേതാക്കള്‍ വേറെയുമുണ്ട്. രാംനാഥ് കോവിന്ദ് ദളിത് മോര്‍ച്ചയുടെ നേതാവായത് കൊണ്ട് മാത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കിയതെന്നായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാബാനര്‍ജിയുടെ പ്രതികരണം. രാംനാഥ് കോവിന്ദയെ പിന്തുണക്കില്ലെന്നാണ് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചത്.
രണ്ട് വട്ടം രാജ്യസഭാ അംഗമായിരുന്ന രാം നാഥ് കോവിന്ദ് നേരത്തേ ബിജെപി യുടെ ദളിത് മോർച്ച ദേശീയ അദ്ധ്യക്ഷനായിരുന്നു. ജനതാദൾ യു വിന്റെ പിന്തുണയോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്ക് മുഴുവൻ സമയ ബിജെപി പ്രവർത്തകനായിരുന്ന രാം നാഥ് കോവിന്ദിനെ വിജയിപ്പിക്കാനാണ് സർക്കാർ ശ്രമം.
ഇദ്ദേഹം അഭിഭാഷകനായിരുന്നു. ബിജെപിയുടെ ദേശീയ വക്താവായും പ്രവർത്തിച്ചിട്ടുണ്ട്. 71 വയസ്സുള്ള ഇദ്ദേഹം കാൻപൂർ സ്വദേശിയാണ്.