ന്യൂഡൽഹി∙ കേരള കോൺഗ്രസിന്(എം) രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതിന്റെ പേരിൽ യുഡിഎഫിനകത്തും പടലപ്പിണക്കം. ഇന്ന് തിരുവനന്തപുരത്ത് കന്റോൺമെന്റ് ഹൗസിൽ ചേരുന്ന നിർണ്ണായക യോഗത്തിൽ നിന്ന് യുഡിഎഫ് സെക്രട്ടറിയും കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂർ വിട്ടുനിൽക്കും.
രാവിലെ പത്തിന് പാർട്ടി ചെയര്‍മാൻ കെ.എം. മാണിയുടെ എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ കേരള കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗം. യുഡിഎഫ് പ്രവേശന പ്രഖ്യാപനവും ഇതിന് ശേഷം ഉണ്ടാകും. രാജ്യസഭ സ്ഥാനാർഥിയുടെ കാര്യത്തിലും ഈ യോഗം തീരുമാനം കൈക്കൊളളും.
കെ.എം മാണിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനും ജോസ് കെ മാണിയെ പാല സീറ്റിൽ നിന്നും നിയമസഭയിലേക്ക് മത്സരിപ്പിക്കാനുമാണ് ആലോചന. ജോസ് കെ മാണി രാജിവച്ചാലും കോട്ടയം ലോക്സഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പും വേണ്ടിവരില്ല.
ജോസഫ് എം.പുതുശേരിയുടെയും തോമസ് ചാഴികാടന്റെയും തോമസ് ഉണ്ണിയാടന്റെയും പേരുകളും യോഗത്തിൽ ഉയർന്നേക്കും. നിയമസഭയിൽ 22 പേരുടെ അംഗബലമേയുള്ളൂവെന്ന യാഥാർഥ്യം കോൺഗ്രസിന് ഉൾക്കൊള്ളേണ്ടി വന്നതാണു വഴിത്തിരിവായത്.
ലീഗിനു 18 പേരുണ്ട്. മാണിയുടെ ആറും കൂടി ചേർന്നാൽ കോൺഗ്രസിനെ അനായാസം മറികടക്കും. 140 പേരുള്ള നിയമസഭയിൽ മൂന്ന് ഒഴിവുകളിലേക്കു തിരഞ്ഞെടുപ്പു നടക്കുമ്പോൾ വിജയിക്കാൻ ഓരോരുത്തർക്കും 36 ഒന്നാം വോട്ട് വീതം വേണം. സിപിഎം, സിപിഐ സ്ഥാനാർഥികളെ ജയിപ്പിക്കാൻ ഇടതുമുന്നണിക്ക് 72 പേരുടെ പിന്തുണ മതി. ആകെ 91 പേരുള്ള അവർക്കു ബാക്കി 19 വോട്ടുണ്ട്.