തിരുവനന്തപുരം: സംസ്ഥാനത്തെ ഒഴിവു വരുന്ന രാജ്യസഭ സീറ്റിൽ കേരള കോൺഗ്രസിനെ മത്സരിപ്പിക്കാനുളള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ മുൻ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും രംഗത്ത്. രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകി കോൺഗ്രസ് കീഴടങ്ങിയെന്ന് വിഎം സുധീരൻ വിമർശിച്ചു.
“നേതൃത്വത്തിന്‍റേത് ഗുരുതരമായ വീഴ്ചയാണ്. ഇതിന് ന്യായീകരണവും ഇല്ല,” അദ്ദേഹം പറഞ്ഞു. സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടതോടെയാണ് ഇന്നലെ ഇക്കാര്യത്തിൽ ഹൈക്കമാന്റ് അന്തിമ തീരുമാനം എടുത്തത്.
കേരളത്തിൽ നിന്നുളള കോൺഗ്രസ് നേതാക്കളോട് സംസാരിച്ച രാഹുൽ ഗാന്ധി മുസ്ലിം ലീഗ് നേതാക്കളോടും കേരള കോൺഗ്രസ് നേതാവും എംപിയുമായ ജോസ് കെ മാണിയോടും സംസാരിച്ചു. മുസ്ലിം ലീഗിന്റെ ശക്തമായ നിലപാടാണ് കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് ലഭിക്കാൻ കാരണമായത്.
യുഡിഎഫിന്‍റെ വിശാല താല്‍പര്യം പരിഗണിച്ചു കൊണ്ട് ഇക്കാര്യത്തില്‍ ഇളവ് നല്‍കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടത്. കേരള നേതൃത്വത്തിന്‍റെ നിലപാടിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കുകയായിരുന്നു.