തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിന് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു. എൽഡിഎഫ് സ്ഥാനാർഥിയായി എം.വി.ശ്രേയാംസ് കുമാറും യുഡിഎഫിനുവേണ്ടി ലാൽ വർഗീസ് കൽപ്പകവാടിയുമാണു നിയമസഭാ സെക്രട്ടറിയും വരണാധികാരിയുമായ എസ്.വി. ഉണ്ണികൃഷ്‌ണൻ നായര്‍ക്കു മുൻപാകെ പത്രിക സമർപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പത്രികാ സമർപ്പണം.

രാവിലെ പതിനൊന്നരയോടെയായിരുന്നു എം.വി.ശ്രേയാംസ് കുമാറിന്റെ പത്രികാസമർപ്പണം. എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ, മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കൃഷ്‌ണൻകുട്ടി, സി.ദിവാകരൻ എംഎൽഎ എന്നിവർക്കൊപ്പമെത്തിയാണ് എം.വി.ശ്രേയാംസ് കുമാർ പത്രിക സമർപ്പിച്ചത്. ജനാധിപത്യ മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പാർലമെന്റിൽ പ്രവർത്തിക്കുമെന്ന് എം.വി.ശ്രേയാംസ് കുമാർ പറഞ്ഞു.

Also Read: അധികാര ഇടനാഴിയിൽ വ്യക്തമായ സ്വാധീനം, സ്‌ത്രീയെന്ന ആനുകൂല്യമില്ല; സ്വപ്‌നയുടെ ജാമ്യം നിഷേധിച്ച് കോടതി

പിതാവ് എം.പി.വീരേന്ദ്രകുമാറിന്റെ മരണത്തോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് ശ്രേയാംസ് കുമാർ മത്സരിക്കുന്നത്. നിയമസഭയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ ഈ രാജ്യസഭാ സീറ്റ് അനായാസം നിലനിർത്താൻ എൽഡിഎഫിനു സാധിക്കും. അതേസമയം, എം.പി.വീരേന്ദ്രകുമാറിന്റെ ശേഷിക്കുന്ന ടേം മാത്രമായിരിക്കും ശ്രേയാംസ് കുമാറിനു രാജ്യസഭാ എംപിയായി തുടരാൻ സാധിക്കുക.

Also Read: കുറ്റപത്രം വായിച്ചുകേൾപ്പിച്ചു; കുറ്റങ്ങൾ നിഷേധിച്ച് ഫ്രാങ്കോ

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ജി.സുധാകരന്‍, ഇ.ചന്ദ്രശേഖരന്‍, കെ.കൃഷ്‌ണൻകുട്ടി, കെ.കെ.ശൈലജ, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എംഎല്‍എമാരായ എസ്.ശര്‍മ, കെ.ബി.ഗണേഷ് കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരാണ് ശ്രേയാംസ്‌കുമാറിന്റെ നാമനിര്‍ദേശ പത്രികയില്‍ പിന്താങ്ങിയിട്ടുള്ളത്.

പന്ത്രണ്ട് മണിക്കാണ് യുഡിഎഫ് സ്ഥാനാർഥി ലാൽ വർഗീസ് കൽപ്പകവാടി നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. കർഷകരെ സ്‌നേഹിക്കുന്ന എംഎൽഎമാർ വോട്ടുചെയ്യുമെന്ന് ലാൽ വർഗീസ് കൽപ്പകവാടി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.