ന്യൂഡൽഹി: രാജ്യസഭാ സീറ്റിനെച്ചൊല്ലി കേരള കോൺഗ്രസ് (എം)-കോൺഗ്രസ് തർക്കം. സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കെ.എം.മാണി. കേരള കോൺഗ്രസിന് മുസ്‌ലിം ലീഗിന്റെ പിന്തുണയുമുണ്ട്. എന്നാൽ സീറ്റ് കേരള കോൺഗ്രസിന് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

അതിനിടെ, തർക്ക പരിഹാരത്തിന് വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇടപെട്ടു. പി.കെ.കുഞ്ഞാലിക്കുട്ടിയെയും ജോസ് കെ.മാണിയെയും രാഹുൽ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇന്നു വൈകിട്ട് അഞ്ചിനാണ് ചർച്ച. ഇന്നു തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഒന്നിലധികം സീറ്റുണ്ടെങ്കിൽ ഒരു സീറ്റ് കോൺഗ്രസിനും മറ്റൊരു സീറ്റ് ഘടക കക്ഷികൾക്കും നൽകുന്നതാണ് പതിവ്. എന്നാൽ അത്തവണ ഒരു സീറ്റേ ഉളളൂ. അതിനാൽ കോൺഗ്രസിന് തന്നെ സീറ്റ് വേണമെന്ന നിലപാടാണ് ഉമ്മൻ ചാണ്ടിക്കുളളത്. അതേസമയം, യുഡിഎഫിലേക്ക് തിരിച്ചു വരുന്നതിന് തയ്യാറാണെങ്കിലും രാജ്യസഭാ സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേരള കോൺഗ്രസ്.

അതിനിടെ, രാജ്യസഭയിൽ മൽസരിക്കാൻ താൽപര്യപ്പെടുന്നില്ലെന്ന് കാണിച്ച് പി.ജെ.കുര്യൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. കത്തിൽ സ്ഥാനാർത്ഥികളായി എം.എം.ഹസൻ, വി.എം.സുധീരൻ, രാജ് മോഹൻ ഉണ്ണിത്താൻ, ഷാനിമോൾ ഉസ്‌മാൻ, പി.സി.വിഷ്ണുനാഥ്, പി.സി.ചാക്കോ എന്നിവരുടെ പേരും പി.ജെ.കുര്യൻ നിർദേശിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.