തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിക്കു വിജയം. ജോസ് കെ മാണിക്ക് 96 ഉം യുഡിഎഫ് സ്ഥാനാർഥി ശൂരനാട് രാജശേഖരന് 40 ഉം വോട്ടാണ് ലഭിച്ചത്. എൽഡിഎഫിന്റെ ഒരു വോട്ട് അസാധുവായി. ആകെ 137 പേരാണ് വോട്ട് ചെയ്തത്.
ഏത് സ്ഥാനാർഥിക്കാണോ ആദ്യ പിന്തുണ ആ പേരിനു നേരെ ഒന്ന് എന്നു രേഖപ്പെടുത്തുകയാണു വേണ്ടത്. എൽഡിഎഫിന്റെ ഒരു വോട്ടിൽ അങ്ങനെ രേഖപ്പെടുത്തിയിരുന്നില്ല. ഈ വോട്ട് വോട്ട് പരിഗണിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെടുകായിരുന്നു.
99 പ്രതിനിധികളാണ് നിയമസഭയില്‍ എല്എഡിഎഫിനുള്ളത്, യുഡിഎഫിന് 41 അംഗങ്ങളും. വിജയത്തിന് 71 വോട്ടാണ് ആവശ്യം. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലു മണിവരെയായിരുന്നു വോട്ടെടുപ്പ് സമയം. നിയമസഭാ സെക്രട്ടറിയായിരുന്നു വരണാധികാരി.
2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്ത് എത്തിയതോടെയായിരുന്നു ജോസ് കെ. മാണി എംപി സ്ഥാനമൊഴിഞ്ഞത്. മുന്നണി മാറിയതോടെ ജോസ് രാജിവയ്ക്കണമെന്ന ആവശ്യം യുഡിഎഫ് ഉന്നയിച്ചിരുന്നു. 2024 വരെ എംപിയായി തുടരാന്‍ വിജയിക്കുന്ന സ്ഥാനാര്‍ഥിക്കു കഴിയും.