scorecardresearch
Latest News

രാജ്യസഭയിലേക്കുള്ള ഒഴിവുകൾ: കോടതിയിൽ നിലപാട് പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

പതിനാലാം നിയമസഭയുടെ കാലാവധി തീരുന്നതിനു മുൻപ് കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളിലെ ഒഴിവുകൾ നികത്തുമെന്ന് കമ്മീഷൻ സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു

High Court of Kerala, കേരള ഹൈക്കോടതി ,iemalayalam
ഫൊട്ടൊ: നിതിന്‍ കൃഷ്ണന്‍

കൊച്ചി: പതിനാലാം നിയമസഭയുടെ കാലാവധി തീരുന്നതിനു മുൻപ് കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളിലെ ഒഴിവുകൾ നികത്തുമെന്ന നിലപാട് ഹൈക്കോടതിയിൽ നിന്ന് പിൻവലിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിയിൽ കോടതി നിർദേശ പ്രകാരം കമ്മിഷൻ നിലപാട് വ്യക്തമാക്കി സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു. ഇതാണ് കമ്മിഷൻ പിൻവലിച്ചത്. വരുന്ന തിങ്കളാഴ്ച കേസ് പരി​ഗണിക്കണമെന്നും അന്ന് നിലപാട് അറിയിക്കാമെന്നും കമ്മിഷൻ കോടതിയിൽ പറഞ്ഞു.

പതിനാലാം നിയമസഭയുടെ കാലാവധി തീരുന്നതിനു മുൻപ് രാജ്യസഭയിലേക്ക് കേരളത്തിൽ നിന്നുള്ള ഒഴിവുകൾ നികത്തുമെന്ന് കമ്മിഷൻ അറിയിച്ചത് കോടതി രേഖപ്പെടുത്തിയ ശേഷമാണ് കമ്മിഷന്റെ അഭിഭാഷകൻ നിലപാട് മാറ്റിയത്. ആദ്യം അറിയിച്ചതല്ല നിലപാടെന്നാണ് കമ്മിഷന്റെ അഭിഭാഷകൻ വാക്കാൽ വ്യക്തമാക്കിയത്. കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. മുകളിൽ നിന്നുള്ള സമ്മർദമാണ് നിലപാട് മാറ്റത്തിന് കാരണമെന്നാണ് സൂചന.

ജൂൺ ഒന്നിനാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറിയും എസ് ശർമ എംഎൽഎയും സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് പിവി ആശ പരിഗണിച്ചത്.

Read More: രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി

വിജ്ഞാപനം ഇറക്കിയ ശേഷം നിയമമന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടർന്നാണ് കമ്മിഷൻ തിരഞ്ഞെടുപ്പ് മരവിപ്പിച്ചത്. തിരഞ്ഞെടുപ്പിൽ ഇടപെടാൻ നിയമമന്ത്രാലയത്തിന് അധികാരമില്ലന്നും നടപടി കമ്മിഷന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണന്നും സർക്കാർ ബോധിപ്പിച്ചു.

ഏപ്രിൽ 21ന് ഒഴിവ് വരുന്ന മുന്നു സീറ്റുകളിലേക്കാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടത്.

മാർച്ച് 17 ന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കേന്ദ്ര നിയമമന്ത്രാലയത്തിൻ്റെ ഇടപെടലിനെത്തുടർന്ന് മരവിപ്പിച്ച നടപടി തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരത്തിലുള്ള കടന്നുകയറ്റവും കമ്മിഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന നടപടിയുമാണന്ന് നിയമസഭാ സെക്രട്ടറിയും എസ് ശർമ എംഎൽഎയും സമർപ്പിച്ച ഹർജികളിൽ പറയുന്നു.

Read More: രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമെന്ന് സിപിഎം

നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷനുമേലുള്ള കേന്ദ്ര സർക്കാരിൻ്റെ ഇടപെടലാണിതെന്നും കോടതിയുടെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്നും ഹർജികളിൽ ബോധിപ്പിച്ചു. ഏപ്രിൽ 21ന് ഒഴിവ് വരുന്ന വയലാർ രവി, കെ കെ രാഗേഷ്, പി വി അബ്ദുൾ വഹാബ് എന്നീ എംപിമാരുടെ ഒഴുവകളിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകണമെന്നാണ് ഹർജികളിലെ ആവശ്യം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Rajya sabha election central election commission reply kerala high court notice