ന്യൂഡൽഹി: പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും വെടിവയ്പുണ്ടായാൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. പാക് സൈന്യം ഒരു ബുളളറ്റ് ഉതിർത്താൽ എണ്ണമറ്റ ബുളളറ്റുകൾകൊണ്ട് മറുപടി നൽകണമെന്ന് ഇന്ത്യൻ സൈന്യത്തിന് നിർദ്ദേശം നൽകിയെന്ന് അദ്ദേഹം പറഞ്ഞു. ത്രിപുരയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.
അയൽരാജ്യങ്ങളുമായി സമാധാനപരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പാക്കിസ്ഥാനെ ഇന്ത്യ ഒരിക്കലും ആദ്യം ആക്രമിക്കില്ല. പക്ഷേ ജമ്മു കശ്മീരിനെ തകർക്കുകയെന്ന ലക്ഷ്യത്തോടെ പാക് സൈന്യം ഇന്ത്യൻ അതിർത്തിയിൽ നമ്മുടെ സേനയ്ക്കുനേരെ ആക്രമണം നടത്തുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
കശ്മീർ എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. കശ്മീരിനെ ഇന്ത്യയിൽനിന്നും വേർപ്പെടുത്താൻ ആർക്കും സാധിക്കില്ല. കശ്മീർ എപ്പോഴും ഇന്ത്യയുടേതായിരിക്കും- രാജ്നാഥ് സിങ് പറഞ്ഞു.
കശ്മീരിൽ ഇന്ത്യൻ അതിർത്തിയിൽ സേനയ്ക്കുനേരെ പാക് ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.