വര്‍ക്കല: ശിവഗിരിയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 70 കോടിയുടെ പദ്ധതി എത്രയും വേഗം നടപ്പാക്കുമെന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഗുരു സന്ദേശം ലോകത്തിനു മുഴുവന്‍ മാതൃകയാണെന്നും തൊണ്ണൂറാമതു ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ ആളുകളെയും സ്വാധീനിച്ച സാംസ്‌കാരിക ഐക്യത്തിന്റെ ശൃംഖലയിലെ ഒരു പേരാണു ശ്രീനാരായണ ഗുരുവെന്നു രാജ്‌നാഥ് സിങ് പറഞ്ഞു. ഭാരതം ധര്‍മസങ്കടത്തില്‍ അകപ്പെട്ടപ്പോഴൊക്കെയും ശ്രീനാരായണ ഗുരുദേവനെപോലുള്ളവര്‍ നമുക്ക് അവബോധം നല്‍കി. സ്വാതന്ത്ര്യസമര കാലത്ത് മഹാത്മാഗാന്ധിയും സ്വാമി വിവേകാനന്ദനും കൂടി ശിവഗിരി മഠത്തിലെത്തി ‘ഗുരുദേവന്റെ’ മാര്‍ഗദര്‍ശനം സ്വീകരിച്ച് ലക്ഷ്യത്തിലേക്കു കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നേറിയത് ഇതു ശരിവയ്ക്കുന്നു.
ശുചീകരണം, വിദ്യാഭ്യാസം, കൃഷി, വ്യാപാരം, വാണിജ്യം, ശാസ്ത്ര സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിച്ച് സാധാരണക്കാരില്‍ ആധുനിക അവബോധം പരത്താന്‍ ശിവഗിരി മഠത്തിനുെ സാധ്യമായതു ശ്രീനാരായണ ഗുരുവിന്റെ ദീര്‍ഘവീക്ഷണം മൂലമാണ്. ഗുരുവിന്റെ കൃപയാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഏതെങ്കിലും സമുദായം മുന്നേറണമെങ്കില്‍ സംഘടിത ശക്തിവേണമെന്നു ഗുരുദേവന്‍ പറഞ്ഞു. ഈ കാലഘട്ടത്തില്‍ സംഘടിത ശക്തിയിലൂടെ മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂ. എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ നമ്മുടെ രാജ്യത്തിന്റെ കരുത്ത് തിരിച്ചുപിടിക്കാനാകും. സമൂഹത്തിന്റെ പുരോഗതിക്കു വിദ്യാഭ്യാസത്തിന്റെ ആവശ്യം ഗുരുദേവന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസത്തെ അടിസ്ഥാന ആവശ്യമായി വിശേഷിപ്പിച്ച ഗുരു ജാതി മത ഭേദമന്യേ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിച്ചു.
സ്വാതന്ത്ര്യ സമര കാലത്ത് വിദ്യാഭ്യാസത്തിലൂടെ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം അദ്ദേഹം ഉയര്‍ത്തി. സമൂഹത്തിലെ തിന്മകള്‍ ഇല്ലാതാക്കാന്‍ അദ്ദേഹം ശ്രമിച്ചതു പോലെ തന്നെ ചൂഷണം ചെയ്യപ്പെട്ടവരുടെയും പുറത്തള്ളപ്പെട്ടവരുടെയും വിമോചനത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു.
സമൂഹത്തിലെ പിന്നാക്കക്കാരും താഴ്ന്ന വിഭാഗക്കാരുമായ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ശ്രദ്ധേയമാണ്. ‘വ്യവസായത്തിലൂടെ അഭിവൃദ്ധി’ എന്ന അദ്ദേഹത്തിന്റെ പ്രസംഗമാണു കേന്ദ്രസര്‍ക്കാരിന്റെ ‘സ്വാശ്രയ ഇന്ത്യ’ എന്ന പ്രമേയത്തിന്റെ അടിസ്ഥാനം. കഠിനാധ്വാനവും സംരംഭവും കാരണം ഇന്ത്യ ഇന്നു ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്.
എല്ലാവരും ഒന്നാണെന്ന സന്ദേശമാണു പകര്‍ന്നു നല്‍കിയ ഗുരു, രാജ്യത്ത്യാകമാനം സഞ്ചരിച്ച് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു. ഗുരുദേവന്‍ സാംസ്‌കാരിക ഏകത്വം രാജ്യത്തു നടപ്പിലാക്കിയ വ്യക്തിയാണ്. ഭാരതത്തിലെ മാത്രമല്ല, രാജ്യത്തിനു പുറത്തുള്ളവരും അദ്ദേഹത്താല്‍ സ്വാധീനിക്കപ്പെട്ടു. ശിവഗിരിയുടെ തുടര്‍വികസനവുമായി ബന്ധപ്പെട്ട് മഠം ആവശ്യപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും നടപ്പാക്കാന്‍ ഊര്‍ജിതമായ ശ്രമം നടത്തുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധര്‍മപതാക ഉയര്‍ത്തി. വിദേശ -പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന്‍ മുഖ്യാതിഥിയായിരുന്നു.