കാസര്‍കോട്: ഹജ് തീര്‍ത്ഥാടകര്‍ക്ക് യാത്രാ ആശംസ നേര്‍ന്ന് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. വൃതാനുഷ്ടാനങ്ങള്‍ കഴിഞ്ഞ് ഹജ്ജിന് പോകുന്നവര്‍ ജീവിത സാഫല്യമുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജിന് പോകുന്നവരെ യാത്രയക്കാന്‍ നില്‍ക്കുന്നവര്‍ അതിനെക്കാള്‍ പുണ്യവാന്‍മാരും പുണ്യവതികളുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇപ്പോള്‍ അളളാഹുവിന്റെ അതിഥികളായി നില്‍ക്കുന്ന നിങ്ങള്‍ക്കിടയിലേക്ക് വന്നതില്‍ സന്തോഷം. ഞാന്‍ എംപി ആയപ്പോള്‍ ആദ്യമായി സംസാരിച്ചത് കാസര്‍കോടെ എന്‍ഡോസള്‍ഫാന്‍ വിഷയത്തെ കുറിച്ചാണ്. രണ്ടാമത്തെ പ്രസംഗം ഹജ്ജ് തീര്‍ത്ഥാടകരെ കുറിച്ചായിരിക്കും. എയര്‍ ഇന്ത്യ ഹജ്ജ് തീര്‍ത്ഥാടകരെ കൊളളയടിക്കുകയാണെന്ന് കേന്ദ്രത്തെ അറിയിക്കും. ഇപ്പോള്‍ എയര്‍ ഇന്ത്യ മാത്രമാണ് ഹജ്ജിനായി ആളുകളെ കൊണ്ടുപോകുന്നത്. അതിന് പകരം കേന്ദ്ര സര്‍ക്കാര്‍ ആഗോളടെണ്ടര്‍ വിളിച്ച്‌ അതില്‍ ഏറ്റവും കുറഞ്ഞ പണത്തിന് ആളുളെ കൊണ്ടുപോകുന്ന കമ്പനിക്ക് ടെണ്ടര്‍ നല്‍കണം. അല്ലാതെ എയര്‍ ഇന്ത്യയ്ക്ക് മാത്രം അവസരം നല്‍കാന്‍ പാടില്ല,’ രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Read More: ഇന്ത്യയില്‍ നിന്നുളള ആദ്യ ഹജ് തീര്‍ഥാടക സംഘം മദീനയിലെത്തി

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുമാത്രമാണ് ഇപ്പോള്‍ ഹജ്ജ് യാത്രക്ക് പോകാനുള്ള സൗകര്യമുള്ളു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പോകാനുള്ള സൗകര്യം ഉണ്ടാക്കണം. ഈ ആവശ്യം മുഖ്യമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായും ഉണ്ണിത്താന്‍ പറഞ്ഞു.

‘മുസ്ലിം ജനസംഖ്യയുടെ ആനുപാതികമായിട്ടല്ല ഹജ്ജ് തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കേണ്ടത്. ഏറ്റവും കൂടുതല്‍ അപേക്ഷ നല്‍കുന്ന സംസ്ഥാനങ്ങളെ പരിഗണിച്ചാണ് തിരഞ്ഞെടുക്കേണ്ടത്. അങ്ങനെയെങ്കില്‍ കേരളത്തില്‍ നിന്നാവും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരുണ്ടാവുക. പോകുന്നവരോട് പറയാനുള്ളത് ഒരു കാര്യം മാത്രമാണ്. അവിടെയെത്തുമ്പോള്‍ നിങ്ങളുടെ കൂടപ്പിറപ്പായ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. നിങ്ങളുടെ പ്രാര്‍ത്ഥനകൊണ്ട് മാത്രമാണ് ഞാന്‍ എംപിയായത്. അത്കൊണ്ട് മരിക്കുന്നത് വരെ നിങ്ങളെ വിട്ട് എനിക്കൊരു കാര്യം ചെയ്യാനാവില്ല. ഞാന്‍ നിങ്ങളോടൊപ്പം വരുന്നില്ലെങ്കിലും ആ പുണ്യഭൂമിയില്‍ എന്റെ മനസ് നിങ്ങളോടൊപ്പം ഉണ്ടാകും. കാരണം നിങ്ങള്‍ അവിടെ പോകുമ്ബോള്‍ അതിന്റെ ഗുണം എനിക്ക് കൂടി ലഭിക്കും. തിരിച്ചുവരുമ്ബോള്‍ സംസം വെള്ളത്തിന്റെ ഒരു കുപ്പി തനിക്ക് കൂടി കരുതണമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.