തിരുവനന്തപുരം: ദിലീപ് വിഷയത്തിൽ മമ്മൂട്ടിയുടേത് ശരിയായ നിലപാടെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. മമ്മൂട്ടി സംഘടനയുടെ സെക്രട്ടറിയാണ്. അമ്മ സംഘടനയിലെ ഒരു അംഗത്തെ പീഡിപ്പിച്ച ഒരാളെന്നു വിശ്വസിക്കുന്ന ഒരാളെ അവസാന ശ്വാസം വരെ സംരക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ അയാളെ അറസ്റ്റ് ചെയ്തപ്പോൾ പിന്നെ സംരക്ഷിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായി. അപ്പോഴാണ് അമ്മയുടെ എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേർത്ത് മമ്മൂട്ടി ആ തീരുമാനം എടുത്തതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ പറഞ്ഞു.

ധാർമികതയുടെ പേരിലെടുത്തൊരു തീരുമാനമാണ്. ഇപ്പോൾ മമ്മൂട്ടിക്കെതിരെ ഒരു കരുനീക്കം ആരംഭിച്ചിരിക്കുകയാണ്. ഗണേഷ് കുമാർ പരസ്യമായി മമ്മൂട്ടിക്ക് എതിരെയെത്തി. ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്ന വ്യക്തി അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ആ സ്ഥാനത്ത് ഇരുന്നിട്ടുളള ഒരാൾക്കേ അറിയൂ. അത് അമ്മയല്ല ഏതു സംഘടനയായാലും. ഒരു സംഘടനയ്ക്ക് അകത്ത് ഒരാൾ കുറ്റം ചെയ്താൽ ആ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന ഒരാൾക്ക് സാമൂഹിക പ്രതിബദ്ധതയില്ലേ. ആ സാമൂഹിക പ്രതിബദ്ധത അവർ നിറവേറ്റണ്ടേ. അത് മാത്രമേ മമ്മൂട്ടി ചെയ്തിട്ടുളളൂ. അതിന് മമ്മൂട്ടിയുടെ രക്തത്തിനായി ആരും ദാഹിക്കേണ്ട. മമ്മൂട്ടിക്ക് തെറ്റുപറ്റിയെന്നും പറയേണ്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

(വിഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിനുപിന്നാലെയാണ് അമ്മയുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേർന്ന് ദിലീപിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും നീക്കിയത്. ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയ നടപടിയെ വിമര്‍ശിച്ച് അമ്മ വൈസ് പ്രസിഡന്റ് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ദിലീപിനെ പുറത്താക്കണമെന്ന് പറഞ്ഞ മമ്മൂട്ടിയുടെ നടപടി അടിസ്ഥാനമില്ലാത്തതാണെന്നും പൃഥ്വിരാജിനെപ്പോലുള്ളവരെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണിത് ചെയ്തതെന്നാണ് താന്‍ കരുതുന്നതെന്നുമാണ് ഗണേഷ്‌കുമാര്‍ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.