തിരുവനന്തപുരം: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പ്രതികാരം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റായ അരൂര്‍ പിടിച്ചെടുത്ത് പാലായ്ക്ക് പ്രതികാരം ചെയ്യുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. അരൂരില്‍ തോറ്റാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുമോ എന്ന വെല്ലുവിളിയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുന്നോട്ടുവച്ചു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ചര്‍ച്ചയിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇക്കാര്യം പറഞ്ഞത്.

കേരള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും കുത്തക മണ്ഡലമായ പാലാ പിടിച്ചെടുത്തതിന്റെ ആവേശത്തിലാണ് എൽഡിഎഫ് വരാൻ പോകുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. പാലായിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ 2943 വോട്ടിനാണു വിജയിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് എൽഡിഎഫും യുഡിഎഫും തമ്മിൽ നടന്നത്. കെ.എം.മാണിയുടെ മരണത്തെത്തടർന്നാണു പാലായിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

Read Also: ‘പ്രശ്‌നങ്ങളില്‍ ഞാന്‍ ഒപ്പമുണ്ടാകും’; പാലായിലെ ജനങ്ങളോട് മാണി സി.കാപ്പന്‍

തിരഞ്ഞെടുപ്പ് വിജയത്തില്‍ പാലായിലെ ജനങ്ങള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി പറഞ്ഞു. പാലായില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു വിജയം സമ്മാനിച്ച ജനങ്ങള്‍ക്കു നന്ദി പറയുന്നതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ സുസ്ഥിരവികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുമ്പോട്ടുകൊണ്ടുപോകാൻ കരുത്തുപകരുന്നതാണു ജനവിധി. തുടര്‍ന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊ‌ത്ത് ഉയര്‍ന്നുപ്രവര്‍ത്തിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

ഏറ്റവും ഉറച്ച മണ്ഡലത്തിൽ പരാജയം രുചിച്ചത് യുഡിഎഫിനെ ആശങ്കയിലാഴ്‌ത്തുന്നു. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മികച്ച വിജയം പ്രതീക്ഷിച്ച് ഒരുക്കങ്ങൾ നടത്തുന്ന യുഡിഎഫ് അങ്കലാപ്പിലായിരിക്കുകയാണ്. ഒക്‌ടോബർ 21 നാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അരൂർ, കോന്നി, വട്ടിയൂർക്കാവ്, മഞ്ചേശ്വരം, എറണാകുളം എന്നീ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook