തിരുവനന്തപുരം: പ്രമുഖ വ്യവസായിയായ രാജ്‌മോഹൻ പിള്ളയെ വീട്ടുജോലിക്ക് നിന്ന ഒഡിഷ സ്വദേശിനിയെ ബലാൽസംഗം ചെയ്ത കേസിൽ അറസ്റ്റ് ചെയ്തു. രാജ് ‌മോഹൻ പിളളയെ പതിനാല് ദിവസത്തേയ്ക്ക് കോടതി റിമാൻഡ് ചെയ്തു. ബിസ്കറ്റ് രാജാവെന്ന് അറിയപ്പെട്ടിരുന്ന രാജൻ പിളളയുടെ ഇളയ സഹോദരനാണ് ബീറ്റാ ഗ്രൂപ്പ് ചെയർമാനായ രാജ്‌മോഹൻ പിളള. രാജൻ പിളള 1995ൽ തിഹാർജയിലിൽ വച്ച് മരണടഞ്ഞിരുന്നു.

ഇരുപത്തിമൂന്നുകാരിയായ വിട്ടുജോലിക്കാരി ഏജന്റ് വഴിയാണ് കേരളത്തിൽ​ ജോലിക്കെത്തിയതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടയിൽ രാജ്‌മോഹൻ പിളള, യുവതിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി താൻ അവിവാഹിതയാണെന്നും കഴിഞ്ഞ​ ആറ് മാസമായി താൻ കടന്നുപോകുന്ന വിഷമകരമായ അവസ്ഥയെ കുറിച്ചും ഡോക്ടറെ അറിയിച്ചു. അതേ തുടർന്ന് പൊലീസിൽ പരാതി നൽകുകയും മജിസ്ട്രേറ്റ് കോടതിയിൽ മൊഴി രേഖപ്പെടുത്തുകയും ചെയ്തതായി കമ്മിഷണർ വ്യക്തമാക്കി.

ബ്രിട്ടാനായി ഇൻഡസ്ട്രീസിന്റെ ചെയർമാനായിരുന്നു രാജൻ പിളളയുടെ ഓർമ്മയ്ക്കായി, ഒമ്പത് കമ്പനികളുടെ കൂട്ടുകമ്പനിയായി രൂപീകരിച്ചതാണ് ബീറ്റാ ഗ്രൂപ്പ്.  രണ്ട് ബില്യൺ ഡോളറിന്റെ വിറ്റുവരവുളള കമ്പനിയാണ് ഇത്. ഫുഡ് പ്രോസസിങ്ങ്, ലോജിസ്റ്റിക്സ്, എൻടെർടെയിൻമെന്റ് എന്നീ മേഖലകളിലാണ്  ബീറ്റാ ഗ്രൂപ്പ്  പ്രവർത്തിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ