തിരുവനന്തപുരം: രാജ്കുമാറിന് കസ്റ്റഡിയില്‍ നേരിടേണ്ടി വന്നത് ക്രൂരമര്‍ദനങ്ങള്‍. മൂന്നാം മുറ പ്രയോഗം തന്നെയാണ് രാജ്കുമാറിന്റെ മരണത്തിന് കാരണമെന്ന് രണ്ടാം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യുമോണിയ അല്ല രാജ്കുമാറിന്റെ മരണത്തിന് കാരണം. കസ്റ്റഡിയില്‍ പൊലീസ് ക്രൂരമായി മര്‍ദിച്ചു. ശരീരത്തില്‍ 22 പരുക്കുകള്‍ ഉണ്ട്. തുടയിലെ ചതവിന് നാല് സെ.മീ. ആഴമുണ്ട്. കാലുകള്‍ വലിച്ച് അകത്തി തുടയിടുക്കിലെ പേശികളില്‍ രക്തം പൊടിഞ്ഞെന്നും റിപ്പോർട്ടിൽ ഉണ്ട്. കസ്റ്റഡി മര്‍ദനത്തില്‍ രാജ്കുമാറിന്റെ വൃക്ക അടക്കം തകരാറിലായതായി കണ്ടെത്തി.

ഉരുട്ടിക്കൊലക്കേസില്‍ പൊലീസ് അന്വേഷണം പക്ഷപാതപരമെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. റിമാന്‍ഡിനുമുമ്പ് രാജ്കുമാറിന്റെ വൈദ്യപരിശോധന കൃത്യമായിരുന്നില്ല. പരുക്കിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചു. എത്ര സാക്ഷികള്‍ വന്നാലും സാഹചര്യതെളിവുകള്‍ മാറ്റാനാകില്ലെന്നും കോടതി പറഞ്ഞു.

Read Also: നെടുങ്കണ്ടം കസ്റ്റഡിമരണം: മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം ചെയ്തു, നിര്‍ണായക തെളിവുകള്‍

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലീസുകാരില്‍നിന്നും രാജ്കുമാര്‍ നേരിട്ടത് അതിക്രൂരമായ പീഡനമായിരുന്നെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിക്കുകയും ചെയ്തിരുന്നു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ എസ്.ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്കുമാറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.