scorecardresearch

സര്‍ക്കാരിന്റെ ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് പിന്മാറി രാജീവ് രവിയും മഞ്ജു വാര്യറും

സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് ഫിലിം ചേംബറും വിമന്‍ ഇന്‍ സിനിമ കളക്ടീവും (ഡബ്ല്യുസിസി) പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു

സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് ഫിലിം ചേംബറും വിമന്‍ ഇന്‍ സിനിമ കളക്ടീവും (ഡബ്ല്യുസിസി) പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു

author-image
WebDesk
New Update
Manju | Rajeev | Kerala Government

മഞ്ജു വാര്യര്‍, രാജീവ് രവി

തിരുവനന്തപുരം: ചലച്ചിത്ര നയരൂപീകരണത്തിനായി ഷാജി എന്‍ കരുണിനെ അധ്യക്ഷനാക്കി സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയില്‍ നിന്ന് സംവിധായകൻ രാജീവ് രവിയും നടി മഞ്ജു വാര്യറും പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അംഗങ്ങളാകുന്നതില്‍ ഇരുവരും പിന്മാറിയതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

Advertisment

സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് സിനിമ മേഖലയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫിലിം ചേംബറും വിമന്‍ ഇന്‍ സിനിമ കളക്ടീവുമാണ് (ഡബ്ല്യുസിസി) പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത്. കമ്മിറ്റി രൂപീകരിച്ചത് സിനിമാസംഘടനകളുമായി ആലോചിക്കാതെയാണെന്നായിരുന്നു ഫിലിം ചേംബറിന്റെ ആരോപണം.

ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനെ പ്രതിഷേധം അറിയിച്ച് കത്ത് നൽകിയെന്ന് ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാർ അറിയിച്ചു. ഗ്ലാമര്‍ താരങ്ങളല്ല നയം രൂപീകരിക്കാൻ കഴിവുള്ളവരാണ് കമ്മിറ്റിയിൽ വേണ്ടതെന്ന് സുരേഷ് കുമാര്‍ വ്യക്തമാക്കി. കമ്മിറ്റി രൂപീകരണ തീരുമാനത്തെ സ്വാഗതം ചെയ്തതിന് ശേഷമായിരുന്നു ഡബ്ല്യുസിസിയുടെ വിമര്‍ശനം.

ഇതിൽ അംഗങ്ങളാണെന്നു പറയുന്ന മുഴുവൻ പേരുടെയും അറിവോടും, സമ്മതത്തോടും കൂടിയാണോ ഇത്തരമൊരു ഗൗരവപ്പെട്ട കമ്മിറ്റി രൂപീകരിച്ചത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരു സുപ്രധാന സംരംഭത്തിന്റെ ഭാഗമാകാൻ അംഗങ്ങൾ തിരിഞ്ഞെടുക്കപ്പെടുന്നതിന്റെ മാനദണ്ഡം/യോഗ്യത എന്താണെന്നത് വ്യക്തമല്ലെന്നും ഡബ്ല്യുസിസി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Advertisment

കൂടാതെ, ചലച്ചിത്ര നയം രൂപീകരിക്കുന്നതിൽ ഈ കമ്മിറ്റിയുടെ പങ്കും, കമ്മിറ്റിയുടെ ഔദ്യോഗിക പദവിയും അവ്യക്തമാണ്. ഇതൊരു നിയമപരമായ ബോഡി ആയിരിക്കുമോ, ഹേമ കമ്മറ്റി റിപ്പോർട്ടിലേത് പോലെ അതിന്റെ ശുപാർശകളും, അർത്ഥവത്തായ നിർദ്ദേശങ്ങളും നടപ്പിലാക്കാതെ പൊടിപിടിച്ച് വിസ്മൃതിയിലായി പോകുമോ എന്ന ചോദ്യങ്ങളും ഡബ്ല്യുസിസി ഉയര്‍ത്തുന്നു.

ഏകപക്ഷീയമായി രൂപീകരിക്കപ്പെടുന്ന ഇത്തരം കമ്മിറ്റികൾക്ക്, ഞങ്ങളുടെ ജോലിസ്ഥലത്ത് ആഴത്തിൽ വേരൂന്നിയ പ്രശ്‌നങ്ങൾക്ക് പ്രായോഗികമായ ഒരു പരിഹാരവും വാഗ്ദാനം ചെയ്യാൻ സാധിക്കില്ല എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നതായും ഫെയ്സ്ബുക്ക് കുറിപ്പില്‍ ഡബ്ല്യുസിസി വ്യക്തമാക്കി.

അതേസമയം, കരട് കമ്മിറ്റിയില്‍ എല്ലാവരെയും ഉള്‍പ്പെടുത്താനാകില്ലെന്നായിരുന്നു സാംസ്കാരിക വകുപ്പ് മന്ത്രി മന്ത്രി സജി ചെറിയാന്റെ നിലപാട്. സിനിമയിലെ എല്ലാവരുമായും കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും അന്തിമ തീരുമാനം എടുക്കുക മൂന്ന് മാസത്തിനുള്ളില്‍ നടത്തുന്ന മെഗാ കോണ്‍ക്ലേവിന് ശേഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ ഷാജി എന്‍ കരുണ്‍, സംവിധായകന്‍ രാജീവ് രവി, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, നിർമാതാവ് സന്തോഷ് ടി കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, നടനും കൊല്ലം എംഎൽഎയുമായ മുകേഷ്, അഭിനേതാക്കളായ പത്മപ്രിയ, നിഖില വിമൽ, മഞ്ജു വാര്യര്‍ തുടങ്ങിയവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ.

Manju Warrier Rajeev Ravi Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: