എറണാകുളം: ചാലക്കുടിയിലെ വസ്തുബ്രോക്കര്‍ രാജീവിന്റെ കൊലപാതകക്കേസിൽ അഡ്വ. സിപി ഉദയഭാനു പിടിയില്‍. മുന്‍കൂര്‍ ജാമ്യം തള്ളിയതിനു പിന്നാലെ ഒളിവിൽ പോയ ഏഴാം പ്രതിയായഉദയഭാനു കീഴടങ്ങാന്‍ സന്നദ്ധത കാണിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അദ്ദേഹത്തെ സഹോദരന്റെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്പുണിത്തുറ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി ഇന്നു തന്നെ ഉദയഭാനുവിനെ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും. അതേസമയം ഉദയഭാനു കീഴടങ്ങിയതാണെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.
മുന്‍കൂര്‍ ജാമ്യം കോടതി തളളിയതോടെ ഇയാളുടെ വീട്ടില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അഡ്വ. സി.പി.ഉദയഭാനുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. പ്രൊസിക്യൂഷൻ വാദം പരിഗണനയിലെടുത്താണ് ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. രാജീവ് കൊല്ലപ്പെട്ട ദിവസം ഉച്ചതിരിഞ്ഞ് ഉദയഭാനുവും പ്രതികളായ ജോണിയും രഞ്ജിത്തും ആലപ്പുഴയില്‍ ഒരേ ടവര്‍ ലൊക്കേഷന് കിഴില്‍ ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഫോണ്‍ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. 12 പേജ് ഉള്ള റിപ്പോര്‍ട്ടും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.
താൻ അഭിഭാഷകൻ എന്ന നിലയിലാണ് പ്രതികളുമായി സംസാരിച്ചതെന്ന വാദമാണ് ഉദയഭാനുവിന്റെ അഭിഭാഷകൻ വാദിച്ചത്. ഈ വാദം തള്ളിയാണ് കോടതി ഹർജിയിൽ തീർപ്പുകൽപ്പിച്ചത്.