തിരുവനന്തപുരം: ഡോ.സിസ തോമസിന് സാങ്കേതിക സര്‍വകലാശാല വിസിയുടെ ചുമതല നല്‍കി രാജ്ഭവന്‍ ഉത്തരവിറക്കി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറാണ് ഡോ.സിസ. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനുളള സര്‍ക്കാര്‍ ശുപാര്‍ശ തളളിയാണ് രാജ്ഭവന്റെ ഉത്തരവ്. തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്ന് ബി.ടെക്, എം.ടെക് എന്നിവ പൂര്‍ത്തിയാക്കിയ സിസ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്ന് പി.എച്ച്.ഡിയും നേടിയിട്ടുണ്ട്.
വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോക്ടര്‍ എം.എസ്.രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഡോക്ടര്‍ രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് എം.ആര്‍.ഷാ അധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മുന്‍ ഡീന്‍ പി.എസ്.ശ്രീജിത്തിന്റെ പരാതിയിലായിരുന്നു നടപടി.