നെടുമ്പാശേരി: ടെലിവിഷൻ ഷോയായ ബിഗ് ബോസിൽ നിന്നു പുറത്തായ മത്സരാർഥി രജിത് കുമാറിനു സ്വീകരണം നൽകാൻ, വിലക്ക് ലംഘിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ സംഭവത്തിൽ 11 പേർ കൂടി അറസ്റ്റിൽ. ഇന്നലെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.

അതേസമയം, ഒന്നാം പ്രതിയായ ബിഗ്‌ ബോസ് താരം ഡോ.രജിത് കുമാറിനായി ഇയാളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി. ആലുവയിലേയും ആറ്റിങ്ങലിലേയും വീടുകളിലാണ് റെയ്ഡ് നടത്തിയത്. എന്നാല്‍ രജിതിനെ കണ്ടെത്താനായില്ല. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സ്വീകരണവുമായി ബന്ധപ്പെട്ട് 75 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Read More: അണ്ണൻ വിളിച്ചിട്ടാ പോയത്; കേസ് എടുത്തതിനു പിന്നാലെ ഷിയാസ്

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് വിമാനത്താവളത്തിൽ രജിത് കുമാറിനെ സ്വീകരിക്കാൻ നൂറ് കണക്കിനു ആളുകൾ ഒത്തുചേർന്നത്. ഇതിനെതിരെ കേസെടുത്തതായി എറണാകുളം ജില്ലാ കലക്‌ടർ നേരത്തെ അറിയിച്ചിരുന്നു.

വിമാനത്താവളത്തിൽ എത്തിയവർക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് സർക്കാരെന്ന് മന്ത്രി വി.എസ്.സുനിൽ കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. “സ്വീകരണത്തിന് എത്തിയ രണ്ട് പേരെ ഇതിനോടകം അറസ്റ്റ് ചെയ്‌തു. മറ്റുള്ളവരെ അറസ്റ്റ് ചെയ്യുന്നത് തുടരും. രജിത് കുമാർ ഒളിവിലാണെന്നാണ് സൂചന. ”

വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രജിതിനെ സ്വീകരിക്കാന്‍ വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത മുഴുവന്‍ ആളുകളേയും തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. പരിപാടിയിൽ പങ്കെടുത്ത എല്ലാവരേയും അറസ്റ്റ് ചെയ്യാനാണ് സർക്കാർ നിർദേശം. നാടിനു വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവമാണിതെന്ന് മന്ത്രി സുനിൽ കുമാർ തുറന്നടിച്ചു. “രാജ്യം മുഴുവൻ കൊറോണയ്‌ക്കെതിരെ പോരാട്ടം നടത്തുമ്പോഴാണ് ചിലർ ഇങ്ങനെ കൂത്താട്ടവും കോമാളിത്തരവും കാണിക്കുന്നത്. ഇതൊക്കെ വളരെ അപഹാസ്യമാണ്. ഇത് അംഗീകരിക്കാൻ സാധിക്കില്ല, ” സുനിൽകുമാർ പറഞ്ഞു.

വിമാനത്താവളത്തിലെത്തിയ ശേഷം നല്ല മനസ്സുള്ളവർക്ക് കൊറോണ വരില്ലെന്ന് രജിത് കുമാർ പറഞ്ഞത് അങ്ങേയറ്റം വ്യാജ പ്രചാരണമാണെന്നും അതും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സുനിൽ കുമാർ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.