കൊച്ചി: സംസ്ഥാനത്തുണ്ടായ കാലവര്‍ഷക്കെടുതിയില്‍ 8316 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ അറിയിച്ചു. പ്രളയക്കെടുതി നേരിടാന്‍ 1220 കോടി അടിയന്തരമായി അനുവദിക്കണമെന്നും അദ്ദേഹം രാജ്‌നാഥിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കേരളത്തിന്‍റെ ആവശ്യം അനുഭാവ പൂർവ്വം പരിഗണിക്കുമെന്നും അടിയന്തര സഹായമായി നൂറ് കോടി രൂപ അനുവദിക്കുമെന്നും രാജ് നാഥ് സിങ് അറിയിച്ചു. ആദ്യ ഘട്ടത്തില്‍ അനുവദിച്ച തുകയ്ക്ക് പുറമെയാണ് ഇത്.

കേരളത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്നത് സമാനതകളില്ലാത്ത മഴക്കെടുതിയാണ്. അതിനാല്‍ തന്നെ ദുരിതാശ്വാസം അനുവദിക്കുന്നതിന് കേന്ദ്രം നിലവിലെ മാനദണ്ഡങ്ങള്‍ അവലംബിക്കരുത്. നാശനഷ്ടങ്ങള്‍ മന്ത്രിയും കേന്ദ്ര സംഘവും നേരിട്ട് വിലയിരുത്തിയതാണ്. ഈ സാഹചര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് ഉണ്ടാകണം. വീണ്ടുമൊരു കേന്ദ്ര സംഘത്തെ കൂടി കേരളത്തിലേക്ക് അയയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിലെ സ്ഥിതി ഗുരുതരമെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്. പ്രളയക്കെടുതില്‍ വലയുന്ന കേരളത്തിലെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി. കേരളത്തിലെ സര്‍ക്കാര്‍ മികച്ച രീതിയിലാണ് സാഹചര്യത്തെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇളന്തിക്കരയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയതിന് ശേഷമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.

കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനൊപ്പം കേന്ദ്ര സര്‍ക്കാരും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഭയപ്പെടേണ്ടതില്ലെന്നും എല്ലാ സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.

അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിത നിലയിലേക്ക് എത്തുകയാണ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്യുന്നുണ്ടെങ്കിലും സ്ഥിതി ആശങ്കാജനകമല്ല. അണക്കെട്ടിലെ ജലനിരപ്പ് 2398.82 അടിയായി കുറഞ്ഞിട്ടുണ്ട്.

ഇടമലയാറിലെ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു. മൂന്നു ഷട്ടറുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. പരമാവധി ശേഷിയായ 169 മീറ്ററില്‍ ജലനിരപ്പ് നിര്‍ത്തുക എന്നതാണ് ലക്ഷ്യം. ഇപ്പോള്‍ 168.91 മീറ്ററാണ് ജലനിരപ്പ്.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 12.50 നാണ് അദ്ദേഹം വിമാനമിറങ്ങിയത്. അദ്ദേഹം അല്‍പസമയത്തിനുളളില്‍ ഹെലികോപ്റ്ററില്‍ അദ്ദേഹം ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. ഇതിന് ശേഷം വൈകിട്ട് നാല് മണിയോടെ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായും മറ്റ് ജനപ്രതിനിധികളുമായും സ്ഥിതിഗതികള്‍ ചോദിച്ച് മനസിലാക്കി.

വെളളം ഒഴുക്കിവിടുന്നത് വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ദുരിതത്തിലാകാതിരിക്കാന്‍ ചെറുതോണി അണക്കെട്ടില്‍ നിന്നുളള വെളളത്തിന്റെ അളവ് കുറയ്ക്കും. ഇതോടെ പുഴകളിലെ വെളളം നിയന്ത്രിച്ച് നിര്‍ത്താനാകുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.

അതേസമയം ഇടുക്കിയിലും വയനാട്ടിലും മലബാറിലെ മറ്റ് ജില്ലകളിലും ശക്തമായ മഴ തുടരുന്നുണ്ട്. ഇടുക്കിയില്‍ ഇടവിട്ടാണ് മഴ പെയ്യുന്നത്. ഇതും ആശങ്കയ്ക്ക് വഴിവച്ചു. ഇടുക്കിയില്‍ നിന്നുളള വെളളത്തിന്റെ അളവ് കുറച്ചതോടെ ഇന്ന് രാവിലെ ആലുവ ശിവരാത്രി മണപ്പുറത്ത് നിന്ന് വെളളം താഴേക്ക് ഇറങ്ങിത്തുടങ്ങി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ