രാജമലയിലെ ദുരന്തത്തില്‍ ആദ്യഘട്ടത്തിലുള്ള ധനസഹായമാണെന്ന് പ്രഖ്യാപിച്ചതെന്നും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയശേഷം കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കരിപ്പൂര്‍ വിമാന അപകടത്തിലും രാജമലയിലും മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ പക്ഷപാതം കാണിച്ചുവെന്ന ആരോപണത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കരിപ്പൂര്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചപ്പോള്‍ രാജമലയിലെ ധനസഹായം അഞ്ച് ലക്ഷം രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
കാര്യങ്ങളുടെ ശരിയായ വശങ്ങള്‍ മനസ്സിലാക്കാതെയുള്ള വിമര്‍ശനമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
“രണ്ടും രണ്ട് രീതിയിലെ ദുരന്തമാണ്. അതിനുശേഷമുള്ള പ്രവര്‍ത്തനങ്ങളും രണ്ട് രീതിയിലാണ്. ആദ്യ ഘട്ടത്തിലെ ധനസഹായം കൊണ്ട് തീരുന്നില്ല. അവിടെ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുന്നു. ദുരന്തത്തിന്റെ വ്യാപ്തിയും നഷ്ടവും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷമേ തീരുമാനിക്കാന്‍ ആകുകയുള്ളൂ. എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ് അവിടെയുള്ളത്,” മുഖ്യമന്ത്രി പറഞ്ഞു.
“അവിടെ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട ജനതയെ ചേര്‍ത്തു പിടിക്കേണ്ട വലിയ ഉത്തരവാദിത്തം സര്‍ക്കാരിന് മുന്നിലുണ്ട്. അവരുടെ വാസസ്ഥലം, ജീവനോപാധി ഇതെല്ലാം ഉറപ്പു വരുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഇപ്പോഴത്തെ രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് അത്തരം കാര്യങ്ങളിലേക്ക് കടക്കും. അവരെ സംരക്ഷിക്കും. അവരുടെ കൂടെ നില്‍ക്കും,” പിണറായി വിജയന്‍ പറഞ്ഞു.
രാജമലയില്‍ പോകാതെ കരിപ്പൂരില്‍ പോയത് ശരിയായില്ല എന്ന പ്രചരണവും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. “രാജമലയില്‍ ഇന്നലേയും ഇന്നുമായി രക്ഷാപ്രവര്‍ത്തനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയത്,” അദ്ദേഹം പറഞ്ഞു.
Read Also: കരിപ്പൂരിലുണ്ട് പെട്ടിമുടിയിലില്ല, വിമാനത്തിലുണ്ട്, ലയത്തിലില്ല
“രാജമലയില്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് ആദ്യ ഘട്ടത്തില്‍ ശ്രമിക്കുന്നത്. വിവിധ ഏജന്‍സികളേയും വിഭാഗങ്ങളേയും ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നു. മന്ത്രിമാരായ എംഎം മണിയും ചന്ദ്രശേഖരനും അവിടെ ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു,” മുഖ്യമന്ത്രി പറഞ്ഞു.
78 പേരാണ് ദുരന്തത്തില്‍ പെട്ടത്. 12 പേരെ രക്ഷപ്പെടുത്താനായി. ആവശ്യമായ എല്ലാ ചികിത്സയും സര്‍ക്കാര്‍ ചെലവില്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
26 പേരുടെ മൃതദേഹം കണ്ടെത്തി. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി കഠിന പരിശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“എന്‍ഡിആര്‍എഫിന്റെ രണ്ടു ടീമുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പൊലീസ്, ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളും തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരുമുണ്ട്. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് വെള്ളമൊഴുക്ക് നിലനില്‍ക്കുന്നതിനാല്‍ ചതുപ്പ് രൂപപ്പെട്ടിട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. രാജമലയില്‍ നിന്നും പെട്ടിമുടിയിലേക്കുള്ള പാതയില്‍ പലയിടത്തും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും കിടക്കുകയാണ്,” വലിയ വാഹനങ്ങള്‍ ദുരന്തമുഖത്ത് എത്തിക്കുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.