രാജമല ദുരന്തം: മുഖ്യമന്ത്രിയും ഗവർണറും നാളെ സംഭവസ്ഥലം സന്ദർശിക്കും

ഒൻപത് കുട്ടികളെ കണ്ടെത്താനുണ്ടെന്ന് ഇടുക്കി സബ് കലക്‌ടർ പ്രേംകൃഷ്‌ണൻ പറഞ്ഞു

ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരെ കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും തുടരുന്നു. ഇത് ആറാം ദിവസമായ ഇന്ന് രാവിലെ എട്ട് മുതൽ തിരച്ചിൽ ആരംഭിച്ചു. 14 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. ഇന്ന് മൂന്ന് മൃതദേഹം കണ്ടെത്തി.

അതേസമയം മുഖ്യമന്ത്രിയും ഗവർണറും നാളെ സംഭവസ്ഥലം സന്ദർശിക്കും. രാവിലെ 8.30 ന് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്ടറിൽ മൂന്നാറിലേക്ക് തിരിക്കും. അവിടെ നിന്ന് കാർ മാർഗം രാജമലയിലെത്തി ദുരന്ത സ്ഥലം സന്ദർശിക്കും. സന്ദർശനത്തിനു ശേഷം ഹെലികോപ്ടറിൽ തിരുവനന്തപുരത്തേക്ക് തിരിക്കും.

പുഴ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രധാനമായും അന്വേഷണം നടക്കുന്നത്. മൃതദേഹങ്ങൾ ഒലിച്ചുപോയിരിക്കാൻ സാധ്യതയുണ്ട്. അതിനാലാണ് പുഴകളുടെ പരിസരത്തും മറ്റ് സമീപ സ്ഥലങ്ങളിലും തെരച്ചിൽ ശക്തമാക്കിയത്.

Read Also: സംസ്ഥാനത്ത് മഴ കുറഞ്ഞു; പുതിയ ന്യൂനമർദം വരുന്നു

കാലാവസ്ഥ അനുകൂലമായതിനാൽ കൂടുതൽ പേരെ ഇന്നു കണ്ടെത്താൻ സാധിക്കുമെന്നാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഇടുക്കിയിലടക്കം മലയോര മേഖലകളിൽ കഴിഞ്ഞ രണ്ട് ദിവസമായി മഴ വളരെ കുറവാണ്. ലയങ്ങളുള്ള സ്ഥലങ്ങളിൽ കൂടുതൽ ആഴത്തിൽ തെരച്ചിൽ നടത്താനാണു തീരുമാനം. അവസാന ആളെയും കണ്ടെത്തും വരെ തെരച്ചിൽ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കാലാവസ്ഥ അനുകൂലമാണെങ്കിലും ഉരുൾപൊട്ടലിൽ വന്നു പതിച്ച വലിയ പാറക്കൂട്ടങ്ങൾ തെരച്ചിൽ ദുഷ്‌കരമാക്കുന്നുണ്ട്. സ്ഫോടക വസ്തുക്കൾ കൊണ്ട് ചെറുസ്ഫോടനം നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

മൃതദേഹങ്ങൾ തിരിച്ചറിയുക എന്നത് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയ ചില മൃതദേഹങ്ങൾ അഴുകി തുടങ്ങിയിരുന്നു. ഇനി കണ്ടെത്താനുള്ള മൃതദേഹങ്ങൾ അഴുകി തുടങ്ങിയിരിക്കാമെന്നാണ് വിലയിരുത്തൽ. അങ്ങനെവന്നാൽ ശരീരം തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തേണ്ടിവരും. ആവശ്യമെങ്കിൽ മൃതദേഹം ഡിഎൻഎ ടെസ്റ്റിനു വിധേയമാക്കാമെന്ന് ആരോഗ്യവകുപ്പും അറിയിച്ചിരുന്നു.

Read Also: Kerala Floods Idukki Rajamala Landslide: ലയങ്ങൾ കാണാനില്ല സാർ, അതിലെല്ലാം ആളുകളുണ്ടായിരുന്നു; വിറങ്ങലിച്ച് രാജമല

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെ മുഴുവൻ ചികിത്സ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രാധാനമന്ത്രി നരേന്ദ്രമോദിയും ദുരിത ബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കും. പരുക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Web Title: Rajamala land slide idukki kerala floods

Next Story
11 ഇനം പലവ്യഞ്ജനങ്ങളുമായി സർക്കാരിന്റെ ഓണക്കിറ്റ്; വിതരണം ഇന്നു മുതൽonam kit, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com