തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പനുസരിച്ച് ജില്ലാകളക്റ്റര്‍മാര്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍. താലൂക്കുകളില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും ആവശ്യമുളളിടത്തെല്ലാം ദുരിതാശ്വാസകേന്ദ്രങ്ങളും തുറക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

മലയോരമേഖലയിലേയ്ക്കുളള യാത്ര രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴു വരെയുള്ള സമയത്ത് പരിമിതപ്പെടുത്തുവാന്‍ ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. മലയോരമേഖലകളിലെ റോഡുകള്‍ക്ക് കുറുകെയുളള ചെറിയ ചാലുകളിലൂടെ മഴ വെളളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുളളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് ഒഴിവാക്കണം.

മരങ്ങള്‍ക്ക് ചുവട്ടിലും പരിസരത്തും വാഹനം നിര്‍ത്തിയിടുന്നതും ഒഴിവാക്കണം. മഴയുള്ള സമയങ്ങളിൽ വാഹനങ്ങൾ പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ വേഗത കുറച്ച് ഓടിക്കാനും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുവാനും ശ്രദ്ധിക്കണം. സ്കൂൾ വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവരും സ്കൂൾ അധ്യാപകരും ജീവനക്കാരും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

ഈ കാലാവസ്ഥയില്‍ കടലിലും പുഴകളിലും ചാലുകളിലും വെളളക്കെട്ടുകളിലും പൊതുജനങ്ങളും വിനോദസഞ്ചാരികളും ഇറങ്ങാതിരിക്കുവാനും ശ്രദ്ധിക്കണം. പൊതുജനങ്ങള്‍ക്ക് ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അടിയന്തരമായി ഇടപെടുന്നതിന് സെക്രട്ടേറിയറ്റ്, കളക്റ്ററേറ്റുകള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി എന്നിവരുടെ സേവനം ലഭ്യമായിരിക്കും.
കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ www.SDMA.KERALA.GOV.IN നിന്നും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.