കൊച്ചി: മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 18 പേരെന്ന് റവന്യു വകുപ്പിന്റെ സ്ഥിരീകരണം. ഇന്ന് മാത്രം നാല് പേരാണ് മഴക്കെടുതിയിൽ മരിച്ചത്. സംസ്ഥാനത്ത് നൂറ് കണക്കിന് കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാംപുകളിൽ പ്രവേശിപ്പിച്ചത്.

ആലപ്പുഴ ചെന്നിത്തല ഇരമത്തൂരില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ തൂവന്‍തറ സ്വദേശി ബാബുവും മാവേലിക്കര കുറത്തിക്കാട്ടില്‍ കനാലില്‍ മുങ്ങി പള്ളിയാവട്ടം തെങ്ങുംവിളയില്‍ രാമകൃഷ്ണനും മരിച്ചു. കോട്ടയം പെരുവയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാളും കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് ഒരു കുട്ടിയും മരിച്ചു.

മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് എറണാകുളത്ത് നിന്ന് തെക്ക് ഭാഗത്തേക്കുളള റെയിൽ ഗതാഗതവും തടസപ്പെട്ടു. മണിക്കൂറുകളോളം വൈകിയാണ് ട്രെയിനുകൾ ഓടിയത്. വേഗത കുറച്ചാണ് ഈ റൂട്ടിൽ ട്രെയിനുകൾ സർവ്വീസ് നടത്തുന്നത്.

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 കിലോമീറ്റര്‍ മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. ഇത് ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെ വേഗം പ്രാപിക്കുന്നുണ്ട്. ഇതിനാൽ അറബി കടൽ പ്രക്ഷുബ്ദ്ധമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് അറിയിപ്പ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.