/indian-express-malayalam/media/media_files/uploads/2018/05/rain.jpg)
തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി തോരാതെ പെയ്ത മഴയ്ക്ക് നേരിയ ശമനം. ഇന്നലെ രാത്രിയും ചിലയിടങ്ങളിൽ മഴ പെയ്തു. ഞായറാഴ്ചവരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. കാറ്റിന്റെ വേഗം മണിക്കൂറിൽ 45 കിലോമീറ്റർ വരെയായിരിക്കുമെന്നും മൽസ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.
മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ ട്രെയിനുകളുടെ വേഗനിയന്ത്രണം പിൻവലിച്ചു. മഴ മൂലം റദ്ദാക്കിയ ട്രെയിനുകൾ പതിവുപോലെ സർവ്വീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് പത്തോളം പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയിരുന്നു. എറണാകുളം-നിലമ്പൂർ, നിലമ്പൂർ-എറണാകുളം, എറണാകുളം-കായംകുളം, കായംകുളം-ആലപ്പുഴ, ആലപ്പുഴ-കായംകുളം, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, കൊല്ലം-എറണാകുളം, എറണാകുളം-കൊല്ലം, കൊല്ലം-പുനലൂർ, പുനലൂർ-കൊല്ലം പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്.
എംജി സർവ്വകലാശാല ഇന്നും നാളെയും (19, 20) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. മഴ കാരണം തിങ്കളാഴ്ച മുതൽ എംജി സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചിരുന്നു. മാറ്റിയ പരീക്ഷകൾ എന്നു നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടില്ല.
ആലപ്പുഴ ജില്ലയിലും തിരുവല്ല താലൂക്കിലും പ്രൊഫഷണൽ കോളേജ് ഒഴികെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിൽ പ്രൊഫഷണൽ കോളേജുകൾക്കും അവധിയാണ്. കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശേരി നഗരസഭ, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചില്‍ താലൂക്കിലെ മുത്തോലി, കിടങ്ങൂര്‍ പഞ്ചായത്തുകളിലെയും പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗണവാടികള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
അതേസമയം, കാലവര്‍ഷക്കെടുതിയില്‍ അടിയന്തര സഹായം ലഭ്യമാക്കുന്നതിന് കേരളത്തിലേക്ക് കേന്ദ്ര സംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട്. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.