കൽപറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, പാലക്കാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് ആരോഗ്യ സർവ്വകലാശാലയുടെ നാളത്തെ പരീക്ഷകളും മാറ്റിവച്ചു. കണ്ണൂര്‍ സര്‍വ്വകലാശാലയും പരീക്ഷകള്‍ മാട്ടിവച്ചിട്ടുണ്ട്. അതേസമയം, ബിഎസ്എംഎസ് സപ്ലിമെന്ററി പരീക്ഷകൾക്ക് മാറ്റമില്ല.

മണ്ണിടിച്ചിൽ മൂലം താമരശ്ശേരി, കുറ്റ്യാടി ചുരം, പാൽചുരം എന്നിവിടങ്ങളിലൂടെയുളള ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് വയനാട് ജില്ല ഒറ്റപ്പെട്ട സാഹചര്യത്തിലാണ്. വയനാട്ടിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലയിൽ പലയിടത്തും ഉരുൾപൊട്ടലുണ്ടായതായി റിപ്പോർട്ടുണ്ട്. ഏക്കറുകളോളം കൃഷി നശിച്ചിട്ടുണ്ട്. പുറത്തിറങ്ങാൻ കഴിയാതെ വീടുകളിൽ ജനങ്ങൾ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെളളത്തിനടിയിലാണ്.

ജില്ലയുടെ പലഭാഗത്തും ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. വയനാട് കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നാല് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പൊതുജനങ്ങള്‍ക്ക് 04936 204151 എന്ന നന്പറില്‍ കണ്‍ട്രോള്‍ റൂമുകളിലേക്ക് ബന്ധപ്പെടാവുന്നതാണ്. 1077 എന്ന ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി (04936 220296), മാനന്തവാടി (04935 240231), വൈത്തിരി (04936 255229) എന്നിവിടങ്ങളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.