തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ വെളളം കയറി. ട്രാക്കിൽ വെളളം കയറിയതോടെ പല ട്രെയിനുകളും വൈകും. തിരുവനന്തപുരത്ത് ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ്.

11.15 ന് തിരുവനന്തപുരത്തുനിന്നും പുറപ്പെടേണ്ട കേരള എക്സ്പ്രസ് ഒരു മണിക്കൂർ വൈകി ഉച്ചയ്ക്ക് 12.23 നാണ് പുറപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട മറ്റു ട്രെയിനുകളും അവിടേക്ക് എത്തിച്ചേരേണ്ട ട്രെയിനുകളും വൈകും.

തമ്പാനൂരിൽ പലയിടങ്ങളിലും വെളളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. താഴ്ന്ന പല സ്ഥലങ്ങളും വെളളത്താൽ മൂടിയ നിലയിലാണ്. തിരുവനന്തപുരത്ത് നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. തിരുവനന്തപുരത്ത് മലയോര മേഖലകളിൽ വ്യാപക കൃഷി നാശം ഉണ്ടായിട്ടുണ്ട്. പള്ളിക്കാട്, കുറ്റിച്ചാല്‍, അമ്പൂരി, വെള്ളറട തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശമുണ്ടായി.

തമ്പാനൂരിൽ കനത്ത മഴയിൽ രൂപപ്പെട്ട വെളളക്കെട്ട്

തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍, തേളകം, കണിച്ചാര്‍, തില്ലങ്കേരി, മുഴക്കുന്ന്, കോളയാട്, ചിറ്റാരിപറമ്പ എന്നീ പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്കും അവധിയാണ്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയുടെ ഫലമായാണ് കേരളത്തിൽ ശക്തമായ മഴ പെയ്യുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുളളത്. അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരും. വരുന്ന 48 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത. കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ