scorecardresearch

സംസ്ഥാനത്ത് നാളെയും അതിതീവ്ര മഴ; കണ്ണൂര്‍ ജില്ലയില്‍ ഉരുള്‍പ്പൊട്ടല്‍

തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് മഴ ശക്തമാകും

Rain, Kerala rain, Weather

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടല്‍കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് കുരിശുമലയിലും നെടുംപൊയിൽ 24–ാം മൈൽ, പൂളക്കുറ്റി തുടിയാട് എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായത്. ചെക്കേരി വനമേഖലയിലും ഉരുള്‍പ്പൊട്ടിയിട്ടുള്ളതായാണ് വിവരം. ചെക്കേരി കോളനിയിലെ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് റെഡ് അലർട്ട്. തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. നാളെ മുതൽ മഴ കൂടുതൽ ശക്തമാകും. ഇന്നു മുതൽ തീവ്രമഴയ്ക്കുള്ള സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

പ്രതികൂല കാലവസ്ഥ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് മഴ ശക്തമാകും. കനത്ത മഴയെ തുടർന്ന് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഇടിമിന്നലോടുകൂടി തുടര്‍ച്ചയായി മഴ പെയ്യുന്നതിനാൽ പ്രദേശികമായി ചെറു മിന്നൽ പ്രളയമുണ്ടാകാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിട്ടുണ്ട്.

റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

 • ഓഗസ്റ്റ് 1: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി
 • ഓഗസ്റ്റ് 2: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി
 • ഓഗസ്റ്റ് 3: കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
 • ഓഗസ്റ്റ് 4: എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

 • ഓഗസ്റ്റ് 1: തൃശ്ശൂർ, മലപ്പുറം
 • ഓഗസ്റ്റ് 2: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
 • ഓഗസ്റ്റ് 3: തിരുവനന്തപുരം, കണ്ണൂർ
 • ഓഗസ്റ്റ് 4: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
 • ഓഗസ്റ്റ് 5: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

 • ഓഗസ്റ്റ് 1: പാലക്കാട്, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർഗോഡ്
 • ഓഗസ്റ്റ് 2: വയനാട്,കണ്ണൂർ, കാസർഗോഡ്
 • ഓഗസ്റ്റ് 3: കാസർഗോഡ്
 • ഓഗസ്റ്റ് 4: തിരുവനന്തപുരം, കൊല്ലം
 • ഓഗസ്റ്റ് 5: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം

കേരളത്തില്‍ നാല് വരെ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കനത്ത മഴയിൽ രണ്ടു മരണം

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് മഴ ശക്തമായത്. കൊല്ലത്ത് കുംഭവുരുട്ടി വെളളച്ചാട്ടത്തിൽ മലവെളളപ്പാച്ചിൽ തലയ്ക്ക് പരുക്കേറ്റ തമിഴ്നാട് മധുര സ്വദേശി കുമരൻ മരിച്ചു. പത്തനംതിട്ടയിൽ ഒഴുക്കിൽപെട്ട യുവാവ് മരിച്ചു. പത്തനംതിട്ട കൊല്ലമുള പലകക്കാവിൽ ആണ് സംഭവം. കൊല്ലമുള സ്വദേശി അദ്വൈതാണ് മരിച്ചത്.

കടലാക്രമണ ജാഗ്രത നിർദ്ദേശം

2022 ജൂലൈ 31 മുതൽ ഓഗസ്റ്റ് 4 വരെ അറബിക്കടലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലക്കും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നൽകി. ഇന്ന് രാവിലെ മുതൽ അറബിക്കടലിൽ ഒരു മീറ്ററിൽ അധികം ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ട്. ഇന്നലെ അർധരാത്രി മുതൽ ട്രോളിങ് നിരോധനം അവസാനിച്ച സാഹര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോവാൻ കൂടുതൽ സാധ്യത ഉള്ളതിനാൽ ഫിഷറീസ് വകുപ്പിനും കോസ്റ്റ് ഗാർഡിനും പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. അറബിക്കടലിൽ അടുത്ത 5 ദിവസങ്ങളിൽ യാതൊരു കാരണവശാലും മൽസ്യബന്ധനം നടത്താൻ പാടുള്ളതല്ല.

കനത്ത മഴ: പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു

തിരുവനന്തപുരം ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു പ്രവർത്തിക്കുന്നതല്ലെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, തിരുവനന്തപുരം വനം ഡിവിഷൻ അറിയിച്ചു.

ചിറ്റാറിലും സീതത്തോട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും , ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടക്കുന്ന മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകി ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ ഉത്തരവിറക്കി.

കോട്ടയത്ത് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കോട്ടയത്തെ കനത്ത മഴ കോട്ടയം മൂന്നിലവ് ടൗണിൽ വെളളം കയറി. മുണ്ടക്കയം എരുമേലി പാതയിൽ ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ മലയോരമേഖലയിൽ രാത്രിയാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Rain updates in kerala 7 districts have orange alert