തൊടുപുഴ: കനത്ത മഴ തുടരുന്ന ഇടുക്കി ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്‌തിറങ്ങിയത് 130.316 മില്ലീമീറ്റര്‍ മഴ. കനത്ത മഴയിലും മണ്ണിടിച്ചിലിലും ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി ഉള്‍പ്പടെയുള്ളവ ഒറ്റപ്പെട്ടു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാറിനു ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
കനത്ത മഴയിലും കാറ്റിലും ഇടമലക്കുടി ഇഡലിപ്പാറക്കുടി സ്‌കൂളിന്റെ മേല്‍ക്കൂര പറന്നുപോയി. നിരവധി വീടുകളും കാറ്റില്‍ തകര്‍ന്നിട്ടുണ്ട്. ട്രൈബല്‍ ഇന്റലിജന്‍സ് പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ കപ്പ, നെല്ല്, പച്ചക്കറി കൃഷികള്‍ വെള്ളം കയറി നശിച്ച നിലയിലാണ്. റോഡില്‍ മരംവീണതിനെത്തുടര്‍ന്ന് ട്രൈബല്‍ ഇന്റലിജന്‍സ് പൊലീസിന്റെ വാഹനം ഇഡലിപ്പാറക്കുടിയില്‍ കുടുങ്ങിയ നിലയിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പീരുമേട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. 320 മില്ലീമീറ്റര്‍. ഉടുമ്പന്‍ചോല-37.28 മില്ലിമീറ്റര്‍, ഇടുക്കി- 110 മില്ലീമീറ്റര്‍, ദേവികുളം-126.5 മില്ലീമീറ്റര്‍, തൊടുപുഴ-97.8 മില്ലീ മീറ്റര്‍ എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ പെയ്ത മഴ. ഇടുക്കി ഡാമില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാലടിയോളം വെള്ളമാണ് കൂടിയത്. 2329.06 അടിയാണ് ഇന്നത്തെ ജലനിരപ്പ്. ഇന്നലെ ഇത് 2325.22 അടിയായിരുന്നു. കനത്ത മഴയെത്തുടര്‍ന്നു മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പുയര്‍ന്നു. 3.32 അടി വെള്ളമാണ് ഒറ്റദിവസം കൊണ്ടുയര്‍ന്നത്. 121.4 അടിയാണ് നിലവിലെ ജലനിരപ്പ്. ഇന്നലെ ഇത് 118.2 അടിയായിരുന്നു. കനത്തമഴയില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.
കനത്ത മഴ തുടരുന്നതിനാല്‍ ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള സ്‌കൂളുകള്‍ക്കും അംഗനവാടികൾക്കും നാളെയും കലക്ടർ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 23 ഇതിനു പകരം പ്രവൃത്തിദിവസമായിരിക്കും. മഴയില്‍ വെള്ളംകയറിയതിനെത്തുടര്‍ന്നു കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ വണ്ടിപ്പെരിയാറിന് സമീപം ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെത്തുടര്‍ന്ന് തേക്കടിയില്‍ ബോട്ടിങ് നിര്‍ത്തിവച്ചിട്ടുണ്ട്.
ഇതിനിടെ ആനച്ചാല്‍ മൂന്നാര്‍ റൂട്ടില്‍ ആല്‍ത്തറയ്ക്ക് സമീപം നാലുനില കെട്ടിടം മണ്ണിടിച്ചിലില്‍ താഴേയ്ക്കു വീണു. ഹോംസ്റ്റേയ്ക്ക് വേണ്ടി നിര്‍മാണം നടത്തിക്കൊണ്ടിരുന്ന കെട്ടിടമാണ് നിലംപൊത്തിയത്. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. റോഡടക്കം ഇനിയും ഇടിഞ്ഞ് താഴുവാന്‍ സാധ്യയുണ്ടെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഈ കെട്ടിടത്തിന് സമീപത്തെ മറ്റ് കെട്ടിടങ്ങളും മണ്ണിടിച്ചിലിനെത്തുടര്‍ന്ന് അപകട ഭീഷണിയിലാണ്.