തിരുവനന്തപുരം: കനത്ത മഴയിൽ ഡാമുകൾ നിറഞ്ഞു കവിയുന്ന സാഹചര്യത്തിൽ കേരളത്തിലെ വിവിധ ഡാമുകൾ ഇതിനകം തുറന്ന് ജലം പുറത്തേയ്ക്ക് ഒഴുക്കി തുടങ്ങി കഴിഞ്ഞു. ഇടുക്കി ഡാമിൽ ഇന്നലെ രാത്രിയോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കക്കി ഡാമിലും മലന്പുഴ ഡാമിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്

ജലവിഭവ വകുപ്പിന്റെ കീഴിലുളള മലമ്പുഴ ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വെളളം തുറന്ന് വിടുന്നതിന് തീരുമാനിച്ചു. ഇതിനായി അതീവ ജാഗ്രത നിർദേശമായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ രാവിലെ പത്ത് മണിക്ക് ശേഷം ഇവിടെ നിന്നും വെളളം തുറന്നുവിടുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 115.06 അടിയാണ്  മലമ്പുഴയുടെ സംഭരണ ശേഷി. നിലവിൽ ജലനിരപ്പ്  114.77 അടി ആയ സാഹചര്യത്തിലാണ് ഇതെന്ന് അധികൃതർ അറിയിച്ചു. ഇവിടെ വെളളം തുറന്നുവിടുന്നത് സമീപ പ്രദേശത്തെ ആണ്ടിമടം കോളനിയെയാണ് ബാധിക്കുക. ഇവരെ മാറ്റിപാർപ്പിക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.

പത്തനംതിട്ടയിലെ ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വൈദ്യുതി ബോർഡിന്റെ ഡാം സുരക്ഷാ വിഭാഗം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടുത്തെ സംഭരണ ശേഷി 981.46 അടി ആണ്. നിലവിൽ ജലനിരപ്പ് 980 അടി ആയ സാഹചര്യത്തിലാണ് രണ്ടാം ഘട്ടമായ അതിജാഗ്രത മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

ഡാമിലെ ജലനിരപ്പ് 980.50  അടി ആകുമ്പോൾ അതീവ ജാഗ്രത നിർദ്ദേശമായ റെഡ് അലർട്ട് പ്രഖ്യപിക്കും. അതിന് ശേഷം നിശ്ചിത സമയത്തിന് ശേഷം ആനത്തോട് ഡാമിന്റെ ഷട്ടറുകൾ ഉയർത്തി ജലം പുറത്തേയ്ക്ക് ഒഴുക്കും.

ഈ സാഹചര്യത്തിൽ ആനത്തോട് ഡാമിന്റെ താഴെ പ്രദേശങ്ങളിലുളളവരും കക്കി, പമ്പ നദിയുടെ ഇരുകരകളിലുളളവരും ജാഗ്രത പുലർത്തണമെന്ന് ഡാം സുരക്ഷ വിഭാഗം അറിയിച്ചു. പത്തനംതിട്ടയിലെ മൂഴിയാറില്‍ പമ്പ, കക്കി നദികളിലെ ജലം ഉപയോഗിച്ചാണ് ശബരിഗിരിയിൽ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.