തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. രാവിലെ മുതല്‍ പലയിടത്തും മഴ ലഭിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അതിരാവിലെ മുതല്‍ ഭേദപ്പെട്ട മഴ ലഭിച്ചു. മഴ ഇനിയും തുടരാനാണ് സാധ്യത.

തെക്കന്‍ ജില്ലകള്‍ക്കു പുറമേ മധ്യകേരളത്തിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: ദീപാവലി ആഘോഷത്തിനിടെ നടിയുടെ വസ്ത്രത്തിനു തീപിടിച്ചു; ഏതോ ശക്തി തന്നെ രക്ഷപ്പെടുത്തിയെന്ന് താരം

ഇന്നും നാളെയും കേരള തീരത്ത് മണിക്കൂറിൽ 45-55 കിലോമീറ്റർ മുതൽ 65 കിലോമീറ്റർവരെ വേഗത്തിൽ കാറ്റു വീശിയടിക്കാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. കേരള തീരത്ത് 2.5-2.9 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയർന്നുപൊങ്ങാൻ സാധ്യതയുണ്ട്. ഒക്ടോബർ 29, 30, 31 തീയതികളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഒക്ടോബർ 31വരെ ചിലയിടങ്ങളിൽ 12 മുതൽ 20 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും.

വൈകുന്നേരങ്ങളിലെ കനത്ത മഴമൂലം താഴ്ന്ന പ്രദേശങ്ങളില്‍ പ്രാദേശിക പ്രളയങ്ങളും മലയോര മേഖലയില്‍ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.