ന്യൂഡൽഹി: മുല്ലപ്പെരിയാറില ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്നത് പരിശോധിക്കണമെന്ന് സുപ്രീം കോടതി. ദേശീയ ദുരന്ത നിവാരണ സമിതിയും മുല്ലപ്പെരിയാർ സമിതിയും യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. മുല്ലപ്പെരിയാറിലെ നിലവിലെ സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് നാളെ രാവിലെ നൽകണമെന്നും മുല്ലപ്പെരിയാർ ഉപസമിതിക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിർദ്ദേശം നൽകി. കേസ് നാളെ വീണ്ടും പരിഗണിക്കും.

സംസ്ഥാനത്ത് അതീവ ഗൗരവമേറിയ സാഹചര്യമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയിൽ നിലനിർത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. എന്നാൽ സുപ്രീം കോടതി അനുവദിച്ച പരിധിയായ 142 അടിയാണ് ജലനിരപ്പ് ഉളളതെന്നും ഇതു കുറയ്ക്കാനാവില്ലെന്നും തമിഴ്നാട് വാദിച്ചു. മഴ ശക്തമായി തുടരുമ്പോൾ 142 അടിക്ക് അനുവാദമുണ്ടെന്ന വാദം പറയാനാകില്ലെന്നാണ് കേരളം കോടതിയെ അറിയിച്ചത്.

കേരളം പേമാരിയിലും വെളളപ്പൊക്കത്തിലും ദുരന്തമുഖത്ത് നിൽക്കുന്ന സാഹചര്യത്തിൽ​ മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി സ്വദേശിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ദുരന്ത നിവാരണ മാനേജ്മെന്റ് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ മുല്ലപ്പെരിയാർ വിഷയത്തിൽ സ്വീകരിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

നേരത്തെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കാൻ കഴിയില്ലെന്ന് കാണിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചിരുന്നു. നിയമപ്രകാരമാണ് 142 അടിയാക്കിയതെന്നും എല്ലാ അർത്ഥത്തിലും ഡാം സുരക്ഷിതമാണെന്നും അദ്ദേഹം കത്തിൽ പറഞ്ഞിരുന്നു. ജലനിരപ്പ് 139 അടിയാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ അയച്ച ഇ-മെയിലിന് മറുപടിയായാണ് കത്ത് നൽകിയത്.

മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതോടെ 13 സ്പിൽവേ ഷട്ടറുകളും തുറന്നിരുന്നു. ഇതോടെ മുല്ലപ്പെരിയാറിന്റെ സമീപ പ്രദേശങ്ങളായ ഉപ്പുതുറ ചപ്പാത്ത് എന്നിവയെല്ലാം വെളളത്തിനടിയിലായി. അണക്കെട്ടിലേക്കുളള നീരൊഴുക്ക് വർധിച്ചതോടെയാണ് കൂടുതൽ വെളളം കൊണ്ടുപോയി ജലനിരപ്പ് കുറയ്ക്കണമെന്ന് തമിഴ്നാടിനോട് കേരളം ആവശ്യപ്പെട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ