തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് സംസ്ഥാനത്തെങ്ങും ഒറ്റപ്പെട്ട കനത്ത മഴ തുടരുന്നത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ നാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
- 11-05-2022: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്
- 12-05-2022: കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം
- 13-05-2022: ആലപ്പുഴ, എറണാകുളം, ഇടുക്കി
- 14-05-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
- 15-05-2022: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
ഇന്നും നാളെയും ശക്തമായ ഇടിമിന്നലിനും 30-40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളതിനാൽ ബംഗാൾ ഉൾക്കടലിൽ മൽസ്യബന്ധനം നിരോധിച്ചിട്ടുണ്ട്. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇന്നലെ രാത്രി ശക്തമായ മഴയാണ് ലഭിച്ചത്. മീനച്ചിലാറ്റിൽ ജലനിരപ്പ് പലയിടത്തും ഇരുകരകൾ കവിഞ്ഞു. പുലർച്ചെ 2 മണിയോടെ മഴയ്ക്ക് ശമനം ഉണ്ടായി. മഴയിൽ നാശനഷ്ടങ്ങൾ ഒന്നുമില്ല. അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ ഈ മാസം 14 വരെ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ബുധനാഴ്ച കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോരത്തും തീരപ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, അസാനി ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാ തീരത്തിന് സമീപമെത്തും. ആന്ധ്ര തീരത്തിന് സമീപമെത്തുന്നത് മുതൽ അസാനിയുടെ ശക്തി കുറയും. തുടർന്ന് ദിശ മാറി യാനം, കാക്കിനട, വിശാഖപട്ടണം തീരം വഴി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കും. ആന്ധ്രയിലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിശാഖപട്ടണം, വിജയവാഡ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാന സർവീസുകള്‍ തൽക്കാലത്തേക്ക് റദ്ദാക്കി.