തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയുടെ ഫലമായാണ് കേരളത്തിൽ ശക്തമായ മഴ പെയ്യുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുളളത്. അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരും. വരുന്ന 48 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത. കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. പല ജില്ലകളിലും ഇന്നലെ രാത്രി തുടങ്ങിയ മഴയ്ക്ക് ഇപ്പോഴും ശമനമില്ല.

തിരുവനന്തപുരം നാലാഞ്ചിറയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ജോർജുകുട്ടിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ പാൽ വാങ്ങാൻ പോയപ്പോൾ പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ വെളളം കയറി. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. തമ്പാനൂരിൽ പലയിടങ്ങളിലും വെളളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. താഴ്ന്ന പല സ്ഥലങ്ങളും വെളളത്താൽ മൂടിയ നിലയിലാണ്. തിരുവനന്തപുരത്ത് നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.

അരുവിക്കര ഡാമിന്റെ ഷട്ടർ തുറന്നപ്പോൾ

തിരുവനന്തപുരത്ത് മലയോര മേഖലകളിൽ വ്യാപക കൃഷി നാശം ഉണ്ടായിട്ടുണ്ട്. പള്ളിക്കാട്, കുറ്റിച്ചാല്‍, അമ്പൂരി, വെള്ളറട തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശമുണ്ടായി. തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍, തേളകം, കണിച്ചാര്‍, തില്ലങ്കേരി, മുഴക്കുന്ന്, കോളയാട്, ചിറ്റാരിപറമ്പ എന്നീ പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്കും അവധിയാണ്.

കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ കടലാക്രമണം ശക്തമാണ്. കടലാക്രമണത്തിൽ വീടുകളും റോഡുകളും തകർന്നിട്ടുണ്ട്. ഇരവിപുരത്ത് തീരദേശ റോഡ് പൂർണമായും തകർന്നു. കോട്ടയം ചങ്ങനാശ്ശേരിയിൽ കനത്ത മഴയെത്തുടർന്ന് ഒരു ദുരിതാശ്വാസ ക്യാംപ് തുറന്നു. 48 കുടുംബങ്ങളെയാണ് ഇവിടേക്ക് മാറ്റിയത്. ആലപ്പുഴയിൽ പുറക്കാട് മേഖലയിൽ 12 വീടുകൾ തുറന്നു. ഓഗസ്റ്റ് രണ്ടിന് യുഡിഎഫ് തീരദേശ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ മേഖലകളിലും മഴ ശക്തമാണ്. കോഴിക്കോട്-വയനാട് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂരില്‍ ആറളം വനത്തില്‍ ഉരുള്‍പ്പൊട്ടി. ആറളം ഫാം കീഴ്പ്പള്ളി റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. വളയംചാലില്‍ ചീങ്കണ്ണിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലം ഒഴുകിപ്പോയി. കൊട്ടിയൂര്‍ വഴി കടന്നുപോകുന്ന മലയോരഹൈവേയില്‍ വിവിധയിടങ്ങളില്‍ വെള്ളം കയറി. കോഴിക്കോട് കക്കയം തലയാട് മണ്ണിടിഞ്ഞ് റോഡ് തകര്‍ന്നു. ഈങ്ങാപ്പുഴയില്‍ വെള്ളം കയറി കോഴിക്കോട്-ബെംഗളൂരു ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

ഇടുക്കിയിലും മഴ തുടരുകയാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 2395.30 അടിയാണ് നിലവിലെ ജലനിരപ്പ്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ജലനിരപ്പ് 2395 അടിയിലെത്തിയിരുന്നു. തുടർന്നാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 2399 അടി ആകുമ്പോൾ ക്രമപ്രകാരം മൂന്നാമത്തെ മുന്നറിയിപ്പ് നൽകേണ്ടതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ 2397 അടിക്കോ അതിനും മുമ്പോ റെഡ് അലർട്ട് പ്രഖ്യാപിച്ച് ഷട്ടർ തുറക്കാനും സാധ്യതയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.