/indian-express-malayalam/media/media_files/uploads/2023/07/Rain-holiday.jpg)
തലേ ദിനം തന്നെ അവധി പ്രഖ്യാപിക്കുകയും നല്ല പരസ്യം കൊടുക്കുകയും വേണമെന്ന് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: മഴ കണക്കിലെടുത്ത് സ്കൂൾ അവധി കഴിയുന്നതും നേരത്തെ അറിയിക്കണമെന്ന് കലക്ടർമാർക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം. മഴയുണ്ടെങ്കിൽ സ്കൂളുകൾക്ക് അവധി തലേ ദിവസം തന്നെ പ്രഖ്യാപിക്കണം. രാവിലെ അവധി പ്രഖ്യാപിക്കുന്നത് കുട്ടികൾക്കും മാതാപിതാക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അവധി പ്രഖ്യാപിക്കാനുള്ള അധികാരം കലക്ടർക്കാണ്. അതിനാൽ, തലേ ദിനം തന്നെ അവധി പ്രഖ്യാപിക്കുകയും നല്ല പരസ്യം കൊടുക്കുകയും വേണമെന്ന് മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു.
കേരളത്തിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
കാസർഗോഡ് ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കോളേജുകൾക്ക് അവധി ബാധകമല്ല. ആലപ്പുഴ ജില്ലയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പി.എസ്.സി, യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമില്ല.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം ജില്ലയിൽ യെല്ലോ അലർട്ടുമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us