കൊച്ചി: മഴക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി കിരൺ റിജ്ജു ഇന്നു കേരളത്തിലെത്തും. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രളയബാധിത മേഖലകളിൽ മന്ത്രി സന്ദശനം നടത്തും. രാവിലെ ഒൻപതു മണിയോടെ കൊച്ചിയിലെത്തുന്ന കേന്ദ്രമന്ത്രി 10 മണിക്ക് വ്യമോസേനാ വിമാനം വഴി ആലപ്പുഴയിലേക്ക് പോകും. അവിടെനിന്നും ബോട്ടു മാർഗ്ഗം കുട്ടനാടിലേക്ക് പോകും.
ഉച്ചയോടെ കോട്ടയത്ത് എത്തുന്ന മന്ത്രി ഒരു മണിക്കൂറോളം പ്രളയബാധിത മേഖലകൾ സന്ദർശിക്കും. വൈകിട്ട് 4.30 ഓടെ കൊച്ചി ചെല്ലാനത്ത് എത്തുന്ന മന്ത്രി തീരമേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളും സന്ദർശിക്കും. സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശഷം രാത്രി 8 മണിയോടെ ഡൽഹിയിലേക്ക് മടങ്ങും.
മഴക്കെടുതിയിൽ സംസ്ഥാനത്ത് 216 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്. 391 വീടുകൾ പൂർണമായും 1316 വീടുകൾ ഭാഗികമായും നശിച്ചു. 15619 ഹെക്ടർ കൃഷി നശിച്ചു.
അതേസമയം, സംസ്ഥാനത്ത് മഴയ്ക്ക് ശമനമുണ്ടെങ്കിലും ജനങ്ങളുടെ ദുരിതം ഒഴിയുന്നില്ല. പ്രളയബാധിത മേഖലകളിലെ ജനങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലാണ്. ആലപ്പുഴ ജില്ലയിൽ പതിനായിരങ്ങളാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നത്. ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയായിരിക്കുമെന്നു കലക്ടർ അറിയിച്ചു. കുട്ടനാട്ടിലും സ്ഥിതി മോശമല്ല. റോഡുകളിൽ വെളളം നിറഞ്ഞതിനാൽ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നടത്തുന്നില്ല.