/indian-express-malayalam/media/media_files/uploads/2018/08/kseb-1.jpg)
തൊടുപുഴ: ജലനിരപ്പുയര്‍ന്ന ഇടുക്കി ഡാം തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ തുടരുമ്പോഴും ഡാം സേഫ്റ്റി വിഭാഗവും വൈദ്യുതി വകുപ്പും ഏതുവിധേനയും ഡാം തുറന്നുവിടുന്നത് ഒഴിവാക്കാനുള്ള നീക്കങ്ങളിലാണ്. വൈദ്യുതോല്‍പ്പാദനം പരമാവധി വര്‍ധിപ്പിച്ച് ഡാമിലെ ജലനിരപ്പ് താഴ്ത്താനാണ് അവസാന ഘട്ടത്തിലും വൈദ്യുതി ബോര്‍ഡ് ശ്രമിക്കുന്നത്.
ജലനിരപ്പുയര്‍ന്നതോടെ കഴിഞ്ഞ ഒരു മാസമായി പത്തുമുതല്‍ 16 മില്യണ്‍ യൂണിറ്റുവരെയാണ് മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതി ഉല്‍പ്പാദനം. 130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തുള്ളത്. ഇതില്‍ അഞ്ച് ജനറേറ്ററുകളും പൂര്‍ണതോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഞായര്‍ -15.015 എംയു, തിങ്കള്‍-15.096 എം യു, ചൊവ്വ-15.102 എംയു എന്നിങ്ങനെയായിരുന്നു നിലയത്തിലെ വൈദ്യുതി ഉല്‍പ്പാദനം. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഒന്നു മുതല്‍ മൂന്നുമില്യണ്‍ യൂണിറ്റുവരെയായിരുന്നു ശരാശരി ഉല്‍പ്പാദനം. ഇതിന്റെ പത്തിരട്ടിയിലധികം ഉല്‍പ്പാദനമാണ് ഇപ്പോള്‍ മൂലമറ്റം വൈദ്യുതി നിലയത്തില്‍ നടക്കുന്നത്.
കഴിഞ്ഞ ദിവസം വരെ അധികമായി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിലയായി 56.6 കോടി രൂപയാണ് വൈദ്യുതി ബോർഡിന് കിട്ടുകയെന്ന് ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നത്. യൂണിറ്റിന് കുറഞ്ഞനിരക്കായ 3.25 രൂപവീതമാണ് മറ്റു സംസ്ഥാനങ്ങള്‍ക്ക് ബോര്‍ഡ് വൈദ്യുതി വില്‍ക്കുന്നത്. ഡാം തുറന്ന് വെള്ളം ഒഴുക്കിക്കളയായതെ അതിൽ നിന്നും കഴിയുന്നത്ര വരുമാനം നേടാനുളള ബോർഡിന്റെ ശ്രമം. കനത്ത മഴയിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞും ലൈൻ പൊട്ടി വീണുമൊക്കെ ബോർഡിന് ഉണ്ടായ സാമ്പത്തിക നഷ്ടം ഉണ്ടായപ്പോഴും മഴ ബോർഡിന് ഗുണകരമായി എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
സാധാരണയായി മണ്‍സൂണ്‍ കാലത്ത് ലഭിക്കുന്ന ജലം ഇടുക്കി ഡാമില്‍ കരുതല്‍ ശേഖരമായി സൂക്ഷിക്കുകയും വേനല്‍ക്കാലത്ത് ഇതുപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയുമാണ് പതിവ്. എന്നാല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ ശക്തമായി പെയ്തതോടെയാണ് വൈദ്യുതി വകുപ്പിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഡാമില്‍ ജലനിരപ്പുയര്‍ന്നത്. ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നതു കണ്ടാണ് ബോര്‍ഡ് ഉല്‍പ്പാദനം പരമാവധിയിലാക്കാന്‍ തീരുമാനിച്ചത്. 217.184 മില്യണ്‍ യൂണിറ്റു വൈദ്യുതിയാണ് ജൂലൈ മാസത്തില്‍ മാത്രം മൂലമറ്റം പവര്‍ ഹൗസില്‍ ഉല്‍പ്പാദിപ്പിച്ചത്. ഡാമിലേയ്ക്കുള്ള ജലനിരപ്പ് ക്രമാതീതമായി വര്‍ധിച്ച ജൂലൈ 21 മുതല്‍ 31 വരെയുള്ള പത്തു ദിവസത്തിനിടെ മാത്രം മൂലമറ്റം വൈദ്യുതി നിലയം ഉല്‍പ്പാദിപ്പിച്ചത് 140.694 മില്യണ്‍ യൂണിറ്റ് വൈദ്യുതിയായിരുന്നു.
വേനല്‍ മഴ തുടങ്ങിയ മേയ് മുതല്‍ ഡാമുകളില്‍ ജല നിരപ്പുയര്‍ന്നു തുടങ്ങിയതോടെ പുറത്തു നിന്നു വൈദ്യുതി വാങ്ങുന്നതും വൈദ്യുതി ബോര്‍ഡ് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. ഇപ്പോള്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം തുറന്നുവിട്ടതിനു ശേഷം വേനല്‍ക്കാലത്ത് വന്‍ വില കൊടുത്തു വൈദ്യുതി പുറത്തുനിന്നു വാങ്ങേണ്ടി വരുമോയെന്ന ആശങ്കയും ഡാം തുറന്നുവിടുന്ന കാര്യത്തില്‍ പൊടുന്നനെ തീരുമാനമെടുക്കുന്നതില്‍ നിന്നു വൈദ്യുതി ബോര്‍ഡിനെ പിന്നോട്ടുവലിക്കുന്നുണ്ട്. ഡാം തുറക്കേണ്ടതില്ലെന്ന ഇന്നത്തെ തീരുമാനം വൈദ്യുതി ബോർഡിന് ഗുണകരമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.