തൊടുപുഴ: ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള അവലോകന യോഗം ഇന്ന് കളക്ടറേറ്റില്‍ ചേര്‍ന്നു. ഡാം തുറന്നുവിടുന്നതിന് മുന്നോടിയായി വിവിധ പ്രദേശങ്ങളില്‍ മതിയായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇടുക്കി കളക്ടര്‍ കെ ജീവന്‍ബാബു, എംപി ജോയ്സ് ജോര്‍ജ്, ഇടുക്കി എസ് പി കെബി വേണുഗോപാല്‍, ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍, പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

കനത്തമഴയ്ക്കു മുന്നോടിയായി ഞായറാഴ്ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കി ജില്ലയില്‍ നിലവില്‍ തുറന്നിട്ടുള്ളത് അഞ്ചു ഡാമുകളാണ്. മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, പൊന്‍മുടി, മലങ്കര എന്നീ ഡാമുകളുടെ ഷട്ടറുകളും ആനയിറങ്കല്‍ ഡാമിന്റെ സ്പില്‍വേയുമാണ് നിലവില്‍ തുറന്നിട്ടുള്ളത്. മാട്ടുപ്പെട്ടി, പൊന്‍മുടി ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി കൂടുതല്‍ വെള്ളം പുറത്തുവിടാന്‍ ഇന്നലെ തീരുമാനിച്ചിരുന്നുവെങ്കിലും വൃഷ്ടി പ്രദേശങ്ങളില്‍ ഇന്നു മഴ കുറവായിരുന്നതിനാല്‍ കൂടുതല്‍ ജലം തുറന്നുവിടുന്നതു മാറ്റിവയ്ക്കുകയായിരുന്നു.

മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, പൊന്‍മുടി, ഡാമുകളുടെ രണ്ടു ഷട്ടറുകള്‍ വീതവും മലങ്കര ഡാമിന്റെ ആറു ഷട്ടറുകളും ആനയിറങ്കല്‍ ഡാമിന്റെ സ്പില്‍വേകളുമാണ് നിലവില്‍ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കുന്നത്. അതേസമയം ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഇന്നു വൈകുന്നേരം നാലുമണിക്കു തുറക്കാന്‍ രാവിലെ ചേര്‍ന്ന ഉന്നതല യോഗത്തില്‍ തീരുമാനിച്ചിരുന്നുവെങ്കിലും ജലനിരപ്പു താഴ്ന്നതോടെ ഡാം തുറക്കുന്നതു മാറ്റിവയ്ക്കുകയായിരുന്നു. ഇടുക്കി ഡാമില്‍ രാവിലെ രേഖപ്പെടുത്തിയ ജലനിരപ്പ് 2387.76 അടിയായിരുന്നു. ഇത് ഉച്ചകഴിഞ്ഞപ്പോള്‍ 2387.72 അടിയായി കുറഞ്ഞിരുന്നു. മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പ്പാദനം കുറഞ്ഞതും വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതുമൂലവുമാണ് ഡാമിലെ ജലനിരപ്പില്‍ കുറവുണ്ടായത്.

അതേസമയം മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പുയരുന്നുണ്ട്. 131.5 അടിയാണ് വെള്ളിയാഴ്ച രാവിലെ മുല്ലപ്പെരിയാര്‍ ഡാമില്‍ രേഖപ്പെടുത്തിയ ജലനിരപ്പ്. ഇടുക്കി ഡാമിലെ ജലനിരപ്പ് നിലവില്‍ സുരക്ഷിത പരിധിയിലാണെങ്കിലും തുറന്നുവിടാന്‍ ഡാം നിറയുന്നതുവരെ കാത്തിരുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് മുന്‍കൂട്ടി ഡാം തുറക്കാന്‍ സര്‍ക്കാരും ദുരന്തനിവാരണ സേനയും കെഎസ്ഇബിയോട് ആവശ്യപ്പെട്ടതെന്നാണ് വിവരം. പ്രളയകാലത്ത് മുന്നറിയിപ്പില്ലാതെ ഡാമുകളെല്ലാം തുറന്നുവിട്ടതും ഡാമുകള്‍ നിറയുന്നതുവരെ കെഎസ്ഇബി കാത്തിരുന്നുവെന്നും ഇതാണ് പ്രളയത്തിനു കാരണമായതെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.