തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനിടെ കേരളത്തിലെ നാല് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മോഖ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി കരതൊട്ടു. ബംഗ്ലാദേശിലും മ്യാന്മറിലും കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.
മോഖ ചുഴലിക്കാറ്റ് ആഞ്ഞുവീശുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ പശ്ചിമബംഗാളിലെ തീരദേശമേഖലകളില്‍ വിന്യസിച്ചിട്ടുള്ളതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരന്തനിവാരണ സേനയുടെ എട്ട് സംഘങ്ങളെ പശ്ചിമബംഗാളിലെ ദിഘയില്‍ വിന്യസിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, മാന്നാര്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ പ്രദേശത്തേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. ബംഗാള്‍ ഉള്‍ക്കടല്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനം പാടില്ല.
കേരള-കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. ലക്ഷദ്വീപ് തീരത്ത് പാടില്ല. ലക്ഷദ്വീപ് തീരം, അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.