തിരുവനന്തപുരം: കനത്ത മഴയിൽ ട്രെയിൻ ഗതാഗതം താറുമാറായി. ചില ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴി തിരിച്ചു വിടുകയും ചെയ്തു. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് മൂന്നു മണിക്കൂറിലേറെയും മംഗലാപുരത്തേക്കുള്ള ഏറനാട് എക്സ്പ്രസ് രണ്ടരമണിക്കൂറും കോഴിക്കോടേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് ഒന്നരമണിക്കൂറും വൈകിയോടുന്നു.
തിരുവനന്തപുരത്തുനിന്നുളള ആറു പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. കൊല്ലം-എറണാകുളം പാസഞ്ചർ തൃപ്പുണ്ണിത്തുറയിൽ യാത്ര അവസാനിപ്പിച്ചു. ജനശതാബ്ദി എക്സ്പ്രസ് ആലപ്പുഴയിലും ഗുരുവായൂർ എക്സ്പ്രസ് എറണാകുളം ജംങ്ഷനിലും യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം ഛണ്ഡിഗഡ് സമ്പർക് ക്രാന്തി കായംകുളം-കോട്ടയം-എറണാകുളം ടൗൺ വഴി വഴിതിരിച്ചുവിട്ടു. തിരുവനന്തപുരം-ലോക്മാന്യ തിലക് നേത്രാവതി കായംകുളം-കോട്ടയം-എറണാകുളം വഴി വഴിതിരിച്ചു വിട്ടു.

ജനശതാപ്തി ആലപ്പുഴക്കും കോഴിക്കോടിനും ഇടയിൽ യാത്ര അവസാനിപ്പിക്കും. ഇതേത്തുടർന്ന് ഇന്നു ഉച്ചക്ക് 1.45 ന് കോഴിക്കോട് നിന്നും പുറപ്പെടേണ്ട ജനശതാപ്തി ഉണ്ടായിരിക്കുന്നതല്ല.
എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകൾ വെളളത്തിൽ മുങ്ങി. കനത്ത മഴയിൽ റെയിൽവേ ട്രാക്കുകൾ വെളളത്തിനടിയിലായി. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു. 10.50 ന് എറണാകുളത്ത് നിന്നും പുറപ്പെടേണ്ട മംഗള എക്സ്പ്രസ് ഇന്ന് ഉച്ചയ്ക്ക് ഒന്നിനു മാത്രമേ പുറപ്പെടുകയുള്ളൂ.