പാലക്കാട്: കഞ്ചിക്കോട് റയിൽവേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചോയെന്ന ചോദ്യത്തിന് മറുപടി നൽകാതെ കേന്ദ്ര റയിൽവേ മന്ത്രി സുരേഷ് പ്രഭു ഒഴിഞ്ഞുമാറി. കേരളം ദീർഘകാലമായി റയിൽവേ രംഗത്ത് പ്രതീക്ഷയർപ്പിച്ച് കാത്തിരുന്ന പദ്ധതിയിലാണ് മറുപടി നൽകാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു നിലപാടെടുത്തത്.

ഇന്ന് രാവിലെ പാർലമെന്റിലെ ചോദ്യോത്തര വേളയിലായിരുന്നു സംഭവം. പാലക്കാട് എംപി എംബി രാജേഷാണ് ചോദ്യം ഉന്നയിച്ചത്. ആദ്യ ചോദ്യം റെയില്‍വേ സ്‌റ്റേഷന്‍ നവീകരണവുമായി ബന്ധപ്പെട്ടതായിരുന്നു. ഇതിന്റെ ഉപ ചോദ്യമായാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട ചോദ്യം എംബി രാജേഷ് ഉന്നയിച്ചത്.

ആദ്യ ചോദ്യവുമായി ബന്ധമില്ലാത്ത ചോദ്യമാണിതെന്നും മറുപടി നൽകാൻ സാധിക്കില്ലെന്നുമായിരുന്നു റയിൽവേ മന്ത്രിയുടെ നിലപാട്. സാധാരണയായി വിവരം പിന്നീട് നൽകാമെന്ന നിലപാടാണ് ഇത്തരം ചോദ്യങ്ങളിൽ കേന്ദ്രമന്ത്രിമാർ സ്വീകരിക്കാറുള്ളത്.

2012 ഫെബ്രുവരി 21 നാണ് കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടത്. എന്നാൽ പിന്നീട് യാതൊരു പുരോഗതിയും പദ്ധതിക്കുണ്ടായില്ല. ഈയിടം ഹരിയാനയിൽ കോച്ച് ഫാക്ടറി നിർമ്മിക്കാനുള്ള നടപടികളുമായി കേന്ദ്രം മുന്നോട്ട് പോയതോടെയാണ് എംപി പരാതിയുമായി രംഗത്ത് വന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ